സ്വവർഗാനുരാഗിയായ ഇന്ത്യൻ വംശജൻ അയർലൻഡ് പ്രധാനമന്ത്രിയാകും

ലിയോ വരാദ്ക്കർ

ഡബ്ലിൻ ∙ സ്വവർഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ലിയോ വരാദ്ക്കർ അയർലൻഡിന്റെ അടുത്ത പ്രധാനമന്ത്രിയാകും. അയർലൻഡിലെ ഭരണകക്ഷിയായ ഫൈൻ ഗെയിലിന്റെ നേതൃസ്ഥാനത്തേക്കുള്ള മൽസരത്തിൽ വിജയിച്ചതോടെയാണ് ലിയോ വരാദ്ക്കർ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത തെളിഞ്ഞത്. നിലവിൽ അയർലൻഡിലെ സാമൂഹ്യക്ഷേമകാര്യ മന്ത്രിയാണ് വരാദ്ക്കർ. മുംബൈയിൽനിന്ന് അയർലൻഡിലേക്കു കുടിയേറിയ അശോക് വരാദ്ക്കറിന്റെയും അയർലൻഡുകാരിയായ മിറിയാമിന്റെയും മകനാണ് ഇദ്ദേഹം.

അയർലൻഡ് പ്രധാനമന്ത്രിയായിരുന്ന ഏൻഡാ കെന്നി സ്ഥാനമൊഴിഞ്ഞതോടെയാണ് ലിയോ വരാദ്കർ അയർലൻഡ് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള മൽസരരംഗത്തേക്കെത്തിയത്. പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നതോടെ, ഈ പദവിയിലെത്തുന്ന ആദ്യ സ്വവർഗാനുരാഗിയായും ലിയോ വരാദ്ക്കർ മാറും. മാത്രമല്ല, അയർലൻഡ് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ കൂടിയാകും 38–കാരനായ വരാദ്ക്കർ. ഫൈൻ ഗെയിൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കെത്തുന്ന പതിനൊന്നാമത്തെ നേതാവുമാണ് ഇദ്ദേഹം.

എതിരാളിയായ സൈമൺ കൊവേനിക്കെതിരെ 60 ശതമാനം വോട്ടു നേടിയാണ് വരാദ്ക്കർ വിജയിച്ചത്. കൂട്ടുകക്ഷി ഭരണം നടക്കുന്ന അയർലൻഡിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് വരാദ്ക്കറിന്റെ ഫൈൻ ഗെയിൽ പാർട്ടി. ജനവിധിയിലൂടെ സ്വവർഗവിവാഹത്തിന് നിയമസാധുത നൽകിയ ആദ്യത്തെ രാജ്യമാണ് അയർലൻഡ്. 2015ലാണ് താൻ സ്വവർഗാനുരാഗിയാണെന്ന് വരാദ്ക്കർ പ്രഖ്യാപിച്ചത്.