ഖത്തറിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായതെല്ലാം ചെയ്യും: സുഷമ സ്വരാജ്

ന്യൂഡൽഹി ∙ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആശങ്കയുടെ ആവശ്യമില്ല. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും. ഖത്തറിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെടുന്നുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു. 

ഖത്തറിലെ സ്ഥിതി വഷളാവുകയാണെന്നും ഇവിടെയുള്ള ഇന്ത്യക്കാരെ എങ്ങനെയാണ് ഒഴിപ്പിക്കുകയെന്ന ഒരാളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഖത്തറിൽ താമസിക്കുന്നുവെന്ന് പരിചയപ്പെടുത്തിയ രമണ കുമാർ എന്ന വ്യക്തിയാണ് ഇത്തരമൊരു സാഹചര്യം വന്നാൽ എങ്ങനെയാണ് ഇന്ത്യയുടെ പദ്ധതിയെന്ന് ട്വിറ്ററിലൂടെ മന്ത്രിയോട് ചോദിച്ചത്.

എന്നാൽ, ഖത്തറിൽ സാധാരണ ജീവിതമാണ് ഇപ്പോഴും നയിക്കുന്നതെന്ന് മന്ത്രിയ്ക്ക് മറുപടിയായി മറ്റൊരാൾ പറഞ്ഞതും സുഷമ റീട്വീറ്റ് ചെയ്തിട്ടുണ്ട്. കാർത്തിക് എന്ന വ്യക്തിയാണ് ആശങ്കയുടെ ആവശ്യമില്ലെന്നും എംബസി കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ടെന്നും അംബാസിഡർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.