Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക പിടിക്കാൻ ബിജെപിക്ക് 5000 വാട്ട്സ്ആപ്പ് ഗ്രൂപ്പ്, 25,000 വൊളന്റിയർമാർ

BJP Flag

ബെംഗളൂരു∙ ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി, ഉടൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഭരണം പിടിക്കാൻ ബിജെപി തന്ത്രങ്ങൾ മെനയുന്നു. കോൺഗ്രസിന്റെ കൈപ്പിടിയിൽനിന്ന് ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി 25,000ൽ പരം വൊളന്റിയർമാരെയാണ് പ്രവർത്തനത്തിനായി പരിശീലിപ്പിക്കുന്നത്. സംസ്ഥാനത്താകെ 5,000 വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങാനും പദ്ധതിയുണ്ട്.

ഇതിനായി ആറു മാസങ്ങൾക്കുമുൻപേ വൊളന്റിയർമാർക്കു പരിശീലനം നൽകിത്തുടങ്ങി. ബിജെപിയുടെ ഐടി സെൽ 2007 മുതൽ പ്രവർത്തനം തുടങ്ങിയതാണ്. അന്നുമുതൽ സമൂഹമാധ്യമങ്ങൾ പാർട്ടിക്ക് ഉതകുന്നരീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് ബിജെപിയുടെ സമൂഹമാധ്യമ സെല്ലിന്റെ തലവൻ ബാലാജി ശ്രീനിവാസ് വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലെ ജനങ്ങൾക്കുവേണ്ടി വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഉണ്ടാക്കുന്നത്. ഇതുവരെ 2,000ൽ പരം വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇവയ്ക്കെല്ലാം ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നും ബാലാജി വ്യക്തമാക്കി.

പാർട്ടിയുടെ പ്രകടനപത്രികയും കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും എടുത്തുകാട്ടിയുള്ള പ്രചരണമാണ് വാട്ട്സ്ആപ്പ് വഴി നടത്താൻ വൊളന്റിയർമാർക്കു നൽകിയിരിക്കുന്ന നിർദേശം. നിലവിൽ അംഗങ്ങളായിരിക്കുന്നവർക്ക് ചിത്രങ്ങളും അനിമേഷനുകളും ലഭിച്ചുതുടങ്ങിയിട്ടുമുണ്ട്. ഗ്രൂപ്പുകളുടെ അഡ്മിനിസ്ട്രേറ്റർമാരായി ഓരോ നിയോജക മണ്ഡലത്തിലും 100 വൊളന്റിയർമാരെയെങ്കിലും സംഘടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ വാട്ട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചരണം ബിജെപിയെ വലിയതോതിൽ സഹായിച്ചിരുന്നു.

അതേസമയം, മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ബിജെപി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ൽ അന്നു മുഖ്യമന്ത്രിയായിരിക്കെ അഴിമതിയിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് യെഡിയൂരപ്പയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. നിലവിൽ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെങ്കിലും അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല.

related stories