കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ: പോർച്ചുഗലിന് മൂന്നാം സ്ഥാനം

മെക്സിക്കോയ്ക്കെതിരെ വിജയഗോൾ നേടിയ പോർച്ചുഗലിന്റെ അഡ്രിയെൻ സിൽവ സഹതാരം ആന്ദ്രെ സിൽവയ്ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു.

മോസ്കോ ∙ മൂന്നു ചുവപ്പു കാർഡ്, രണ്ടു പെനൽറ്റി, ഒരു സെൽഫ് ഗോൾ – സംഭവബഹുലമായ കളിയിൽ മെക്സിക്കോയെ 2–1നു തോൽപിച്ച പോർച്ചുഗലിന് കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ മൂന്നാം സ്ഥാനം. അധികസമയത്ത് അഡ്രിയാൻ സിൽവ നേടിയ പെനൽറ്റി ഗോളിലാണു പോർച്ചുഗലിന്റെ ജയം. കളിയുടെ 16–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി പോർച്ചുഗൽ നഷ്ടപ്പെടുത്തിയിരുന്നു.

54–ാം മിനിറ്റിൽ പോർച്ചുഗൽ താരം ലൂയിസ് നെറ്റോ വഴങ്ങിയ സെൽഫ് ഗോളിൽ മെക്സിക്കോയാണ് ആദ്യം മുന്നിലെത്തിയത്. ഇൻജുറി ടൈമിൽ പെപ്പെ പോർച്ചുഗലിനു സമനില നൽകി. പോർച്ചുഗൽ താരം നെൽസൺ സെമെഡോയും മെക്സിക്കൻ താരം റൗൾ ജിമെൻസും ചുവപ്പു കാർഡ് കണ്ടു പുറത്തു പോയി. മെക്സിക്കൻ പരിശീലകൻ യുവാൻ കാർലോസ് ഒസോരിയോയെയും കളിയുടെ ഒടുക്കം റഫറി പുറത്തേക്കയച്ചു. 

16–ാം മിനിറ്റിൽ കളിയിൽ ആദ്യം മുന്നിലെത്താനുള്ള സുവർണാവസരം ലഭിച്ചതു പോർച്ചുഗലിന്. 

ആന്ദ്രെ സിൽവയെ റാഫേൽ മാർക്കേസ് ബോക്സിൽ വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റി റഫറി ആദ്യം അനുവദിച്ചില്ല. എന്നാൽ, വിഡിയോ പുനഃപരിശോധനയിൽ അതു പെനൽറ്റിയാണെന്നു വ്യക്തം. പക്ഷേ, സിൽവയുടെ കിക്ക് ഗോൾ കീപ്പർ ഗില്ലർമോ ഒച്ചോവ സേവ് ചെയ്തു; മെക്സിക്കോയ്ക്ക് ആശ്വാസമായി. 

അധ്വാനിച്ചു കളിച്ച ഹവിയർ ഹെർണാണ്ടസാണ് മെക്സിക്കോയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. ഇടതുവിങ്ങിലൂടെ ഓടിക്കയറി ഹെർണാണ്ടസ് ബോക്സിലേക്കു പായിച്ച ലോ ക്രോസ് ലൂയിസ് നെറ്റോ സ്വന്തം വലയിലേക്കു തിരിച്ചുവിട്ടു.

മെക്സിക്കൻ പ്രതിരോധത്തിനു പിടിപ്പതു പണിയായിരുന്നു പിന്നീട്. ഒച്ചോവയുടെ മികവിലാണ് അവർ പിടിച്ചുനിന്നത്. എന്നാൽ, 91–ാം മിനിറ്റിൽ പെപ്പെ പോർച്ചുഗലിനെ രക്ഷിച്ചു. റിക്കാർഡോ ക്വാരെസ്മയുടെ ക്രോസിലേക്കു ചാടിയ പെപ്പെ ബൂട്ടിന്റെ സോളുകൊണ്ടു പന്തിനെ ഗോളിലേക്കു വിട്ടു. 

104–ാം മിനിറ്റിൽ മിഗ്വേൽ ലായുൻ പന്തു കൈകൊണ്ടു തൊട്ടതിനാണ് പോർച്ചുഗലിനു കളിയിലെ രണ്ടാം പെനൽറ്റി കിക്ക് ലഭിച്ചത്. ഇത്തവണ കിക്കെടുത്ത അഡ്രിയാൻ സിൽവയ്ക്കു പിഴച്ചില്ല. തൊട്ടുപിന്നാലെ രണ്ടാം മഞ്ഞക്കാർഡ് കണ്ടു പോർച്ചുഗൽ താരം നെൽസൺ സെമെദോ പുറത്തു പോയതോടെ മെക്സിക്കോയ്ക്കു പ്രതീക്ഷ.

എന്നാൽ, 112–ാം മിനിറ്റിൽ റൗൾ ജിമെൻസും അതുപോലെ പുറത്തു പോയതോടെ ഇരുടീമുകളും പത്തുപേരായി ചുരുങ്ങി. കളിയുടെ അവസാനം പെനൽറ്റി ആവശ്യം റഫറി വിഡിയോ പുനഃപരിശോധനയ്ക്കു വിടാത്തതിൽ പ്രതിഷേധിച്ചതിനാണ് മെക്സിക്കൻ കോച്ച് ഒസോരിയോയ്ക്കു ചുവപ്പു കാർഡ് കിട്ടിയത്.