എം. വിന്‍സന്റിന്റെ മൊബൈല്‍ ഫോൺ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും

തിരുവനന്തപുരം∙ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിന്‍സന്റിന്റെ മൊബൈല്‍ ഫോൺ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. പരാതിക്കാരിയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാണു പൊലീസിന്റെ ശ്രമം. സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ എംഎല്‍എയുമായി തെളിവെടുപ്പിനില്ലെന്നു പൊലീസ് അറിയിച്ചു.

എം.വിൻസന്റ് ഇന്നു വൈകിട്ടു നാലുവരെ പൊലീസ് കസ്റ്റഡിയിലാണ്. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നാണു പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

അതേസമയം, തനിക്കെതിരായ കേസ് സിപിഎമ്മിന്റെ ഗൂഢാലോചനയെന്നു എം.വിൻസന്റ് പറഞ്ഞു. ഗൂഢാലോചനയ്ക്കു പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയും നെയ്യാറ്റിൻകര എംഎൽഎയുമാണ്. ജില്ലാ സെക്രട്ടറിയുടെ ഫോൺവിളികൾ അന്വേഷിക്കണം. താനൊരു തെറ്റും ചെയ്തിട്ടില്ല. കേസ് നിയമപരമായി നേരിടും. നോട്ടിസ് പോലും നൽകാതെ സമീപിച്ചിട്ടും പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു– വിൻസന്റ് പറഞ്ഞു.

കൂടിയ അളവിൽ ഉറക്കഗുളിക കഴിച്ച് അവശയായാണു വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചത്. നെയ്യാറ്റിൻകര ആറാലുംമൂട്ടിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മയെ തിങ്കളാഴ്ച ബാലരാമപുരത്തെ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ‍ സമീപത്തെ സ്ത്രീകൾ പ്രതിഷേധിച്ചു. എംഎൽഎയെ കുടുക്കിയെന്നു കുറ്റപ്പെടുത്തിയായിരുന്നു പ്രതിഷേധം.