അതിരപ്പിള്ളി: മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി: എഐഎസ്എഫ്

കണ്ണൂർ∙ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളന പ്രമേയം. പദ്ധതിക്കെതിരെ തുടക്കം മുതൽ വലിയ ജനകീയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമാണ് ഉയർന്നുവന്നത്. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങളല്ല ഇടതുപക്ഷ നയമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ചാലക്കുടിപ്പുഴ സംരക്ഷിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. നിർബന്ധമായും സംരക്ഷിക്കേണ്ട ആവാസ വ്യവസ്ഥ നിലനിൽക്കുന്ന ഇടമാണ് അതിരപ്പിള്ളി പദ്ധതിപ്രദേശം. അതിന്റെ നശീകരണം സൃഷ്ടിക്കുന്ന ആഘാതങ്ങൾ വളരെ വലുതായിരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ പദ്ധതി വൈദ്യുതി പ്രതിസന്ധി ദൂരീകരിക്കാൻ പര്യാപ്തമല്ലെന്നാണ്. ബദൽ മാർഗങ്ങൾ തേടേണ്ട കാലത്ത് അതിരപ്പിള്ളി പദ്ധതിക്കായി മുറവിളി കൂട്ടുന്നവരുടേതു നിഗൂഢ താൽപര്യമാണ്. കേരളത്തിന്റെ പൊതുസമൂഹം തള്ളിക്കളഞ്ഞ അതിരപ്പിള്ളി പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നും എഐഎസ്എഫ് സമ്മേളനം ആവശ്യപ്പെട്ടു.