യോഗിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം: ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (ഫയൽ ചിത്രം)

ലക്നൗ∙ ഉത്തർ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിൽ എഴുപതിൽ അധികം പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചതിനുപിന്നാലെ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു. വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് ഓം മാഥൂർ വഴി മൗര്യ ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

വർഷങ്ങളോളം ഗോരഖ്പുർ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിക്കായില്ലെന്ന് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നു. തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സർക്കാർ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഭ്യന്തരമില്ലെങ്കിൽ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് അദ്ദേഹത്തിനു നൽകുകയായിരുന്നു. ആഭ്യന്തരം, വിജിലൻസ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റുന്നതായും വിമർശനമുയർന്നിട്ടുണ്ട്. പ്രതിപക്ഷം ഇത് സർക്കാരിനെതിരെ ആയുധമാക്കുന്നുമുണ്ട്. അതിനാൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം നടപടികളിൽനിന്ന് പിന്നോട്ടുപോകണമെന്നും മൗര്യ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വം എന്തു തീരുമാനമെടുക്കുമെന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്.