Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഡേറ്റ സംരക്ഷണം’: കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

WhatsApp, Facebook

ന്യൂഡൽഹി∙ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച വിഷയങ്ങൾ പഠിക്കാനായി കമ്മിറ്റിയെ രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ഇതിനായി സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജി, ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയെ അധ്യക്ഷനാക്കി കമ്മിറ്റിയെ രൂപീകരിക്കും. ഈ കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ചു നിയമനിർമാണം നടത്തുമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഈ മേഖലയിലെ വിദഗ്ധരുൾപ്പെടുന്ന കമ്മിറ്റിയാകും രൂപീകരിക്കുകയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ചാണു ഹർജി പരിഗണിച്ചത്. വാട്സ്ആപ്പ് സ്വകാര്യതാ നയത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ ഉപയോക്താക്കളുടെ വിവരങ്ങൾ ഫെയ്സ്ബുക്കിനു നൽകുന്നുണ്ടെന്നാണ് ആരോപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു നാലാഴ്ചയ്ക്കം സത്യവാങ്മുലം സമർപ്പിക്കണമെന്നു കമ്പനികൾക്കു കോടതി നിർദേശം നൽകി.

മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അർവിന്ദ് ദത്താറുമാണു യഥാക്രമം വാട്ട്സ്ആപ്പിനായും ഫെയ്സ്ബുക്കിനായും ഹാജരാകുന്നത്. ആളുകളുടെ വ്യക്തിവിവരങ്ങൾ മറ്റാർക്കും കൈമാറ്റം ചെയ്യുന്നില്ലെന്നാണ് ഇവർ നിലപാടെടുത്തത്. എന്നാൽ ‘ലാസ്റ്റ് സീൻ’, ടെലിഫോൺ നമ്പർ, ഡിവൈസ് വിവരങ്ങൾ തുടങ്ങിയവ മാത്രം പങ്കുവയ്ക്കപ്പെടുന്നുണ്ടെന്ന് കപിൽ സിബൽ പിന്നീടു വ്യക്തമാക്കി. ഹർജി നവംബർ 28ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.