ഗൗരി ലങ്കേഷ് വധം അന്വേഷിക്കാൻ സ്കോട്ട്ലൻഡ് യാർഡും; രണ്ടംഗ സംഘമെത്തി

ബെംഗളൂരു∙  മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസ് അന്വേഷിക്കാൻ സ്കോട്ട്ലാൻഡ് യാർഡ് പൊലീസും. പ്രത്യേക അന്വേഷണ സംഘത്തെ സഹായിക്കാൻ രണ്ട് മുതിർന്ന സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരാണ് ബെംഗളൂരുവിൽ എത്തിയിട്ടുള്ളത്.

സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിൽ മിടുക്കരായ ഉദ്യോഗസ്ഥർ ബുധനാഴ്ചയാണ് എത്തിയത്. ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളെല്ലാം ഇവർ‌ക്കു കൈമാറി. ഇവ സൂക്ഷ്മമായി ഉദ്യോഗസ്ഥർ പഠിക്കും. ഗൗരി ലങ്കേഷിനെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ ഉറവിടമാണു പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ മുഖ്യമായും അന്വേഷിക്കുന്നത്. വീട്ടിൽനിന്നും നഗരത്തിലെ ടോൾ ബൂത്തുകളിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടു സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണു വീണ്ടും വിളിച്ചുവരുത്താൻ തീരുമാനിച്ചത്. സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യൽ. കൽബുറഗി വധക്കേസിന്റെ അന്വേഷണത്തിലും കർണാടക പൊലീസ് സ്കോട്ട്ലാൻഡ് യാർഡിന്റെ സഹായം തേടിയിരുന്നു.

സഹോദരൻ ഇന്ദ്രജിത്ത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു 2006ല്‍ ഗൗരി ലങ്കേഷ് പരാതി നല്‍കിയിരുന്നു. തോക്കിനു ലൈസൻസ് ഇല്ലെന്ന് ഇന്ദ്രജിത്ത് പൊലീസിനോടു സമ്മതിച്ചതായാണു വിവരം. ഗൗരിയുടെ സഹോദരി കവിതയെയും മാതാവ് ഇന്ദിരയെയും  ചോദ്യം ചെയ്തിട്ടുണ്ട്. 40 കോൺസ്റ്റബിൾമാർ ഉൾപ്പെട്ട സംഘമാണ് കേസിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനു രാത്രിയാണ് വീടിനു പുറത്ത് അക്രമികളുടെ വെടിയേറ്റു ഗൗരി കൊല്ലപ്പെട്ടത്.

ഷാർപ്പ് ഷൂട്ടർമാർ നിരീക്ഷണത്തിൽ

കേസുമായി ബന്ധപ്പെട്ടു ഗുണ്ടാസംഘങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. ബെംഗളൂരു സെൻട്രൽ ജയിലിലുള്ള, നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കുനിഗൽ ഗിരിയെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്തു. ബിഹാറിൽനിന്നു കർണാടകത്തിലേക്കു വലിയതോതിൽ ആയുധങ്ങൾ കടത്തുന്നതിനുപിന്നിൽ കുനിഗൽ ഗിരിയാണ്. ഗൗരിയെ വെടിവച്ചിട്ട പിസ്റ്റൾ ഇവർ കൊണ്ടുവന്നതാണെന്നാണും സംശയമുണ്ട്. വാടക കൊലയാളികളെ ഉപയോഗിച്ചായിരിക്കാം കൊലപാതകം നടത്തിയതെന്ന നിലയ്ക്കും അന്വേഷണം നീങ്ങുന്നുണ്ട്.

കുനിഗൽ ഗിരിയെ ജയിലിൽനിന്നു വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയെ സമീപിക്കും. ബെംഗളൂരു സെൻട്രൽ ജയിലിലെ ഷാർപ്പ് ഷൂട്ടർമാരെയും വാടക കൊലയാളികളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മുൻ നക്സലുകളായ സിരിമാനെ നാഗരാജ്, നൂർ ശ്രീധർ എന്നിവരെയും ചോദ്യം ചെയ്തു. മുൻ നക്സലുകളെ ഗൗരി ലക്ഷ്മി മുൻകയ്യെടുത്താണു മുഖ്യധാരയിലേക്കു കൊണ്ടുവന്നത്. ലൈസൻസില്ലാതെ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധമായ വിജയപുരയിലും അന്വേഷണ സംഘമെത്തി.  ബൈക്കിലെത്തിയ അക്രമിസംഘം ഗൗരിയെ കൊലപ്പെടുത്തുന്നതിനുമുൻപു വീടിനു പരിസരത്തെത്തി സാഹചര്യങ്ങൾ വീക്ഷിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.