ജലസ്രോതസ് മലിനമാക്കിയാൽ ജാമ്യമില്ല; ചെറിയ ശിക്ഷ ലഭിച്ചവർക്കു കുറ്റം ആവർത്തിച്ചാൽ തടവ്

തിരുവനന്തപുരം∙ ജലസ്രോതസുകൾ മലിനമാക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥ. മൂന്നു വർഷമോ, അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസ് ആയതിനാലാണു ജാമ്യം ലഭിക്കാതെ വരുന്നത്. ചെറിയ ശിക്ഷ ലഭിച്ചവർക്കു കുറ്റം ആവർത്തിച്ചാൽ ഒരു വർഷത്തിൽ കുറയാത്ത തടവും ഉറപ്പ്. ജലസംരക്ഷണ നിയമഭേദഗതിയുടെ ഓർഡിനൻസിൽ തടവിനു പുറമെ രണ്ടു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനയച്ചു.

മറ്റു വ്യവസ്ഥകൾ:

∙വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാതെ ജലസ്രോതസുകളിലേക്ക് ഒഴുക്കുകയോ മാലിന്യം തള്ളുകയോ ചെയ്താൽ സ്ഥാപന ഉടമയും മേധാവിയും പ്രതിയാകും. 

∙വീടുകളിൽ നിന്നുള്ള മാലിന്യം തള്ളിയാൽ ഗൃഹനാഥനായിരിക്കും പ്രതി. 

∙ചപ്പു ചവറുകൾ, മാലിന്യങ്ങൾ, വിസർജ്യ വസ്തുക്കൾ, മലിനജലം തുടങ്ങിയവ ജല സംഭരണികളിലും മറ്റു ജലസ്രോതസുകളിലും തള്ളരുതെന്ന പുതിയ വകുപ്പ് ഓർഡിനൻസിൽ ചേർത്തു. ഒരു വിധത്തിലും ജലം മലിനമാകാൻ പാടില്ല. 

∙നദികൾക്കു പുറമെ ജലാശയങ്ങൾ, കനാലുകൾ, സംഭരണികൾ എന്നിവയ്ക്കും നിയമം ബാധകം. 

∙ ജലവിഭവ വകുപ്പിനു കീഴിലുള്ള ഡാമുകളുടെ 500 മീറ്ററിനുള്ളിൽ മണൽ വാരിയാൽ രണ്ടു വർഷം തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. ഇതു മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയുമായി ഉയർത്തി. 

∙ അഞ്ചു ഹോഴ്സ് പവറിൽ കൂടുതലുള്ള മോട്ടോർ, ഹോസ് എന്നിവ ഉപയോഗിച്ചു വ്യവസ്ഥകൾ പാലിക്കാതെ ജലാശയത്തിൽ നിന്നു പമ്പിങ് നടത്തിയാൽ ഒരു വർഷം തടവും 5,000 രൂപ പിഴയും.. 

∙ ജലാശയത്തിന്റെ സ്വാഭാവികഗതി മാറ്റുന്ന തരത്തിൽ നദിയിൽ മുൻകൂർ അനുമതിയില്ലാതെ സംഭരണിയോ, നിർമാണമോ നടത്തിയാൽ ഒരു വർഷം തടവും 5,000 രൂപ പിഴയും. 

∙ അനുമതിയില്ലാതെ രണ്ടു നദികൾ തമ്മിൽ ബന്ധിപ്പിക്കുകയോ ഗതിമാറ്റുകയോ ചെയ്താൽ മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും. 

∙ സർക്കാർ ജലസേചനപദ്ധതികളിൽ നിന്നു ഗാർഹികാവശ്യത്തിനല്ലാതെ വെള്ളമെടുത്താൽ ഒരു വർഷം വരെ തടവും ആയിരം രൂപ വരെ പിഴയും. 

∙ സ്ഫോടക വസ്തുക്കളോ വിഷവസ്തുക്കളോ ഉപയോഗിച്ചു സർക്കാർ നിയന്ത്രണത്തിലുള്ള ജലാശയങ്ങളിൽ നിന്നു മീൻപിടിച്ചാൽ ഒരു വർഷം വരെ തടവും 10,000 രൂപ വരെ പിഴയും.