വ്യാജവാർത്ത എങ്ങനെ കണ്ടെത്താം?; ഫെയ്സ്ബുക്കിന്റെ 10 ടിപ്സ്

തിരുവനന്തപുരം ∙ ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഒക്കെ എത്തുന്ന വാർത്തകളിൽ എത്രമാത്രം സത്യമുണ്ട്? അതു കണ്ടെത്താൻ ഫെയ്സ്ബുക് നിർദേശിക്കുന്നു, 10 വഴികൾ. ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്ന ഒട്ടേറെ വിവരങ്ങളും വാർത്തകളും തീർത്തും അടിസ്ഥാനരഹിതാണെന്നു കണ്ടെത്തിയതോടെയാണ് അവർ തന്നെ തട്ടിപ്പു വാർത്തകൾ തിരിച്ചറിയാൻ  ഉപയോക്താക്കൾക്കു വഴികാട്ടുന്നത്. ഇതിലൂടെ തങ്ങളുടെ തന്നെ വിശ്വാസ്യത നിർനിർത്തുകയാണു ലക്ഷ്യം. ‘നമുക്കൊരുമിച്ച് വ്യാജവാർത്തകളുടെ പ്രചാരണം തടയാം’ എന്ന തലക്കെട്ടോടെ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിൽ ഇന്നു പ്രസിദ്ധീകരിച്ച മുഴുപ്പേജ് പരസ്യത്തിൽ ഫെയ്സ്ബുക്ക് നൽകുന്ന ടിപ്സ് ഇതാണ്. 

1. തെറ്റായ വാർത്തകൾക്ക് എപ്പോഴും ആശ്ചര്യം ജനിപ്പിക്കുന്ന തലക്കെട്ടുകളുണ്ടാകും. ആശ്ചര്യ ചിഹ്നവും കണ്ടേക്കാം. തലക്കെട്ടുകൾ വായിക്കുമ്പോൾ തന്നെ വിശ്വസനീയമല്ലെന്നു തോന്നിയാൽ വാർത്ത തെറ്റാകാനാണു സാധ്യത.

2. യുആർഎൽ വ്യാജമാണോ എന്നു പരിശോധിക്കുക. മിക്ക തട്ടിക്കൂട്ടു വാർത്താ സൈറ്റുകളും മുഖ്യധാരാ മാധ്യമങ്ങളുടേതിനു സമാനമായ പേര് ഉപയോഗിക്കാറുണ്ട്.

3. അത്ര അറിയപ്പെടാത്ത സൈറ്റുകളിൽ നിന്നുള്ളതാണു വാർത്തയെങ്കിൽ, ‘എബൗട്’ സെക്‌ഷനിൽ പോയി സ്ഥാപനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശ്വസിക്കാവുന്നതാണോ എന്ന് ഉറപ്പു വരുത്തുക.

4. വ്യാജ വാർത്താ സൈറ്റുകളിലും താൽക്കാലിക സൈറ്റുകളിലും കാണുന്ന വാർത്തകളിൽ ഒട്ടേറെ അക്ഷരത്തെറ്റുകളുണ്ടാകാം. പേജ് രൂപകൽപനയും നിലവാരമില്ലാത്തതാകാം. 

5. വ്യാജ വാർത്തകൾക്കൊപ്പം നൽകുന്ന ചിത്രങ്ങളും വ്യാജനാകാം. അതിനാൽ ചിത്രം ശ്രദ്ധിക്കൂ.

6. ടൈംലൈനിൽ ഒരു അർഥവുമില്ലാത്ത എന്തെങ്കിലും കുറിച്ചിട്ടുണ്ടാകും. 

7. വാർത്തകളിൽ പേരുകളും വസ്തുതകളും ഒഴിവാക്കിയിട്ടുണ്ടാകും. പകരം വിദഗ്ധർ പറയുന്നു എന്നോ മറ്റോ ചേർക്കും. 

8. നിങ്ങൾ വായിക്കുന്ന വാർത്ത മറ്റു പ്രമുഖ മാധ്യമങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ തെറ്റായ വാർത്തയാകാം. 

9. ആക്ഷേപ ഹാസ്യവും വാർത്തയും തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല. വാർത്ത നൽകിയവർ ആക്ഷേപഹാസ്യം എഴുതുന്നവരാണോ എന്നു പരിശോധിക്കുക. തമാശയ്ക്കായി എഴുതിയ കാര്യങ്ങൾ വായനക്കാർ ഗൗരവത്തിലെടുത്താൽ ഫലം വിപരീതമാകും. 

10. വാർത്തകളെ എപ്പോഴും വിമർശന ബുദ്ധിയോടെ കാണുക. വേണ്ടത്ര പരിശോധിക്കാതെ കിട്ടുന്നതു മുഴുവൻ ഷെയർ ചെയ്ത് വ്യാജ വാർത്തയുടെ പ്രചാരകരാകാതിരിക്കാൻ ശ്രദ്ധിക്കുക.