വ്യാജ വാർത്ത: സക്കർബർഗിനെ ഒബാമ ശാസിച്ചിരുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൺ∙ വ്യാജ വാർത്തകൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗിനെ ശാസിച്ചിരുന്നതായി റിപ്പോർട്ട്. പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലേറുന്നതിന് മുൻപ് നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഒബാമയുടെ ശാസനം.

പെറുവിലെ ലിമയിൽ നവംബർ മധ്യത്തിൽ നടന്ന ലോകനേതാക്കളുടെ സമ്മേളനത്തിനിടെയായിരുന്നു ഒബാമ സക്കർബർഗിനെ വ്യക്തിപരമായി കണ്ട് നിർദേശം നൽകിയത്. എന്നാൽ ശ്രമങ്ങളുണ്ടാകുമെന്നും വ്യാജവാർത്ത തടയുന്നത് അത്ര എളുപ്പമല്ലെന്നുമായിരുന്നു ഫെയ്സ്ബുക് സ്ഥാപകന്റെ മറുപടി.

ഹിലറി ക്ലിന്റന്റെ തോൽവിയിലേക്കു നയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫെയ്സ്ബുക്കിലൂടെ പ്രചരിച്ച വ്യാജവാർത്തകൾക്കും പരസ്യങ്ങൾക്കും നിർണായക പങ്കുണ്ടായിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ഫെയ്സ്ബുക്കിലുള്ള റഷ്യൻ ഇടപെടൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2016 ജൂണിൽ എഫ്ബിഐയെ വിവരമറിയിച്ചിരുന്നുവെന്നും എന്നാൽ ഇതിനെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ഇരുവിഭാഗത്തിനും സമയോചിതമായി തീരുമാനമെടുക്കാനായില്ലെന്നുമായിരുന്നു റിപ്പോർട്ട്.

എന്നാൽ റഷ്യൻ ശക്തികളുടെ പിന്തുണയോടെ നടത്തിയതെന്നു പറയുന്ന ഈ ശ്രമത്തെപ്പറ്റിയുള്ള വാർത്തകളെ ‘കിറുക്കൻ’ ആശയമെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് സക്കർബർഗ് ചെയ്തത്.

ഇതിനു പിന്നാലെയായിരുന്നു ഒബാമയുടെ നിർദേശമെത്തിയതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അവസരം കിട്ടുമ്പോഴെല്ലാം വ്യാജവാർത്തകൾക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ഫെയ്സ്ബുക് വ്യക്തമാക്കിയിരുന്നു. വ്യാജവാർത്തകൾക്കെതിരെ ഇന്ത്യയിൽ അടുത്തിടെ വൻതോതിൽ പത്രപ്പരസ്യങ്ങളും നൽകി. വ്യാജവാർത്ത തിരിച്ചറിയാനുള്ള 10 വഴികളാണ് നൽകിയത്.