മെട്രോ നഗരങ്ങളിൽ മിനിമം ബാലൻസ് എസ്ബിഐ കുറച്ചു; പിഴയിലും ഇളവ്

മുംബൈ∙ മെട്രോ നഗരങ്ങളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ വേണ്ട മിനിമം ബാലൻസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കുറച്ചു. മിനിമം ബാലൻസ് 5000 രൂപ എന്നത് 3000 രൂപയാക്കി. ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും.

മിനിമം ബാലൻസ് വേണമെന്ന നിബന്ധനയിൽനിന്നു പെൻഷൻകാർ, സർക്കാരിൽനിന്നു ഗ്രാന്റ് ലഭിക്കുന്നവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ ഒഴിവാക്കി. കഴിഞ്ഞ ഏപ്രിലിലാണു മിനിമം ബാലൻസ് തുക പുനർനിശ്ചയിച്ചത്. മെട്രോ മേഖലയിൽ 5000, നഗര–അർധ നഗരങ്ങളിൽ 3000 – 2000, ഗ്രാമീണ മേഖലയിൽ 1000 രൂപ എന്നിങ്ങനെയായിരുന്നു മിനിമം ബാലൻസ് തുക. മെട്രോപൊളീറ്റൻ, നഗര പ്രദേശങ്ങളെ ഒരേ വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതിനാലാണ് തുകയിൽ കുറവുവന്നതെന്നു എസ്ബിഐ അറിയിച്ചു.

മിനിമം ബാലൻസ് ഇല്ലെങ്കിൽ നൽകേണ്ടിയിരുന്ന പിഴയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജനസംഖ്യയും ആളുകളുടെ എണ്ണവും കണക്കിലെടുത്ത് 20 മുതൽ 50 ശതമാനം വരെയാണു കുറച്ചിരിക്കുന്നത്. അർധ നഗര, ഗ്രാമീണ മേഖലകളിൽ 20 മുതൽ 40 രൂപവരെയാണു പിഴയായി ഈടാക്കുന്നത്. നഗര, മെട്രോപൊളീറ്റൻ ബാങ്കുകളിൽ ഇത് 30 മുതൽ 50 രൂപ വരെയാണ്. മുൻപ് 100 രൂപയ്ക്കു മുകളിലായിരുന്നു. പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടുകൾ മിനിമം ബാലൻസ് വേണ്ടെന്ന നിർദേശത്തിൽ മാറ്റം വരുത്തിയിട്ടില്ല.