Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് നാമിന്റെ മരണം: പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും കോടതിയിൽ മൊഴി നൽകി

kim-jong-nam

ഷാ അലാം (മലേഷ്യ)∙ നിരോധിത രാസായുധം ഉപയോഗിച്ചതിനെത്തുടർന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാമിന്റെ അവയവങ്ങൾക്ക് അങ്ങേയറ്റ നാശം സംഭവിച്ചിരുന്നതായി റിപ്പോർട്ട്. നാമിന്റെ പോസ്റ്റ്മോർട്ടം നടത്തിയ മുഹമ്മദ് ഷാ മഹ്മൂദ് എന്ന ഡോക്ടറാണ് മലേഷ്യൻ കോടതിയിൽ നടക്കുന്ന വിചാരണയ്ക്കിടെ ഇക്കാര്യം അറിയിച്ചത്. ശ്വാസകോശം, തലച്ചോറ് ഉൾപ്പെടെ പ്രധാനപ്പെട്ട അവയവങ്ങളെല്ലാം നശിച്ചുവെന്നും ഡോക്ടർ അറിയിച്ചു.

ക്വാലലംപുർ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ഫെബ്രുവരി 13നു കിം ജോങ് നാമിനെ പ്രതികളായ ഇന്തൊനീഷ്യൻ യുവതി സിതി ആയിഷ(25)യും വിയറ്റ്നാം വംശജ ദോവാൻ തി ഹൂങ്ങും(28) നിരോധിത രാസായുധം മുഖത്തു തേച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. എന്നാൽ ഇരുവരും കുറ്റം നിഷേധിച്ചു. ഉത്തര കൊറിയക്കാരായ മറ്റു നാലുപേരെ കൂടി പ്രതിചേർത്താണു കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇവരുടെ പേരു പക്ഷേ, കുറ്റപത്രത്തിലില്ല. കൊലപാതകത്തിന്റെ അന്നുതന്നെ ഇവർ നാലുപേരും മലേഷ്യ വിട്ടെന്നാണു കണ്ടെത്തൽ.

കിം ജോങ് ഉന്നുമായി അകൽച്ചയിലായിരുന്ന നാമിന്റെ കൊലയ്ക്കു പിന്നിൽ ഉത്തര കൊറിയയാണെന്ന ആരോപണം ശക്തമാണ്. കൊലപാതകമാണു ചെയ്യുന്നതെന്നറിയില്ലായിരുന്നുവെന്നും ടിവി റിയാലിറ്റി ഷോയുടെ ഭാഗമായ തമാശയാണെന്നാണു വിശ്വസിച്ചിരുന്നതെന്നും രണ്ടു യുവതികളും കോടതിയിൽ പറഞ്ഞു. എന്നാൽ, ക്വാലലംപുരിലെ വിവിധ ഷോപ്പിങ് മാളുകളിൽ ഇതിനായി ഒട്ടേറെത്തവണ പരിശീലനം നടത്തിയശേഷമാണു നാമിനെ ആക്രമിച്ചതെന്നു പ്രോസിക്യൂഷൻ വാദിച്ചു. കുറ്റം തെളിഞ്ഞാൽ രണ്ടു യുവതികൾക്കും വധശിക്ഷ ലഭിക്കും.

ഐക്യരാഷ്ട്ര സംഘടന അതീവ വിനാശകാരിയായ രാസായുധങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ള ‘വിഎക്സ്’ എന്ന രാസവസ്തുവാണു ക്വാലലംപൂർ വിമാനത്താവളത്തിൽ രണ്ടു സ്ത്രീകൾ നാമിന്റെ മുഖത്തുതേച്ചത്. വിമാനത്താവളത്തിലെ ചെക്കിൻ കൗണ്ടറിലേക്കു പോകുമ്പോഴാണു സ്ത്രീകൾ നാമിന്റെ പിന്നിൽനിന്നു തലയിലും മുഖത്തും വിഷം തേച്ചത്. പിന്നീട് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് ഇദ്ദേഹം മരിക്കുന്നത്.

രുചിയും മണവുമില്ലാത്ത വിഎക്സ് വിഷം മിനിറ്റുകൾക്കുള്ളിൽ മരണം ഉറപ്പാക്കുന്നതാണ്. നാഡീവ്യൂഹത്തെയാണു വിഷം ബാധിക്കുക. എണ്ണ പോലുള്ള ദ്രാവകരൂപത്തിലുള്ള ഈ വിഷം വെള്ളത്തിൽ കലർത്താവുന്നതുമാണ്. ത്വക്കിലും കണ്ണിലും പുരണ്ടാലും ശരീരത്തിലെത്തും. ആവിയായി ശ്വസിക്കുകയാണെങ്കിൽ നിമിഷനേരം കൊണ്ടു മരണമെത്തും.