യുഎസ് വിരട്ടൽ ഏറ്റു; താലിബാന്റെ പിടിയിലായ ദമ്പതികളെ മോചിപ്പിച്ച് പാക് സൈന്യം

താലിബാന്റെ പിടിയിലായിരിക്കെ പുറത്തുവിട്ട വിഡിയോയിൽ കെയ്റ്റ്‌ലൻ കോൾമെനും ജോഷ്വ ബോയ്‌ലും (ഫയൽ ചിത്രം)

ഇസ്‌ലാമാബാദ്∙ ഭീകരരെ പിന്തുണയ്ക്കുന്ന നയം പാകിസ്ഥാൻ തിരുത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടതിനു പിന്നാലെ നടപടിയുമായി പാക് സൈന്യം. താലിബാൻ ഭീകരർ കഴിഞ്ഞ അഞ്ചു വർഷമായി തടവിൽ വച്ചിരുന്ന യുഎസ്–കനേഡിയൻ ദമ്പതികളെയും മൂന്നു കുഞ്ഞുങ്ങളെയും സൈന്യം മോചിപ്പിച്ചു.

യുഎസിൽ നിന്നു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിലാണ് ബന്ദികളെ രക്ഷിച്ചത്. 2012ലാണ് അഫ്ഗാനിസ്ഥാനിൽ യാത്രയ്ക്കിടെ യുഎസ് പൗരനായ കെയ്റ്റ്‌ലൻ കോൾമെനും കനേഡിയൻ വനിത ജോഷ്വ ബോയ്‌ലും താലിബാന്റെ പിടിയിലായത്.

ബന്ദിയാക്കപ്പെടുമ്പോൾ ജോഷ്വ ഗർഭിണിയായിരുന്നു. തടവിലാക്കപ്പെട്ടിരിക്കെയാണ് രണ്ടു കുട്ടികൾ കൂടി ജനിച്ചത്. ഇതിൽ മൂന്നാമത്തെ കുട്ടിയെപ്പറ്റിയുള്ള വിവരം മോചിപ്പിക്കപ്പെട്ടപ്പോൾ മാത്രമാണ് പുറത്തറിഞ്ഞത്. താലിബാനോടു ചേർന്നു പ്രവർത്തിക്കുന്ന ഹഖാനി ഭീകരവാദശൃംഖലയുടെ തടവിലായിരുന്നു ദമ്പതികൾ.

ഹഖാനിയ്ക്കെതിരെ നടപടിയെടുക്കാത്തത്തിന്റെ പേരിൽ യുഎസ് പാകിസ്ഥാനെ രൂക്ഷമായ ഭാഷയിൽ പലപ്പോഴും വിമർശിച്ചിരുന്നു. എന്നാൽ ഹഖാനിയെപ്പറ്റി കൃത്യമായ വിവരം നൽകിയാൽ  ഉചിതമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസിനോട് പാക് സൈന്യം വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് യുഎസ് ഇന്റലിജന്റ്സിനു ലഭിച്ച വിവരം കൈമാറിയത്.

അഫ്ഗാനിൽ നിന്ന് പാകിസ്ഥാനിലേക്ക് ബന്ദികളുമായി താലിബാൻ ഭീകരർ കടക്കുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു പാക് സൈന്യത്തിന്റെ ഇടപെടൽ. ഒക്ടോബർ 11ന് പാക്–അഫ്ഗാൻ അതിർത്തിയിൽ നടന്ന മോചിപ്പിക്കൽ ശ്രമത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ബന്ദികളെ മോചിപ്പിച്ച വാർത്ത യാഥാർഥ്യമാണെന്ന് പാകിസ്ഥാനിലെ യുഎസ് എംബസിയും വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്റെ കൊടുംപീഡനങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ വിഡിയോയിലും ദമ്പതികൾ  ആവശ്യപ്പെട്ടിരുന്നു.

പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ ശക്തി തെളിയിക്കുന്നതാണ് ഭീകരർക്കെതിരെയുള്ള ഈ വിജയമെന്ന് സൈന്യം അറിയിച്ചു. പൊതുശത്രുവിനെതിരെ ഒരുമിച്ച് പോരാടുന്നതിന് പാകിസ്ഥാൻ സന്നദ്ധമാണെന്ന കാര്യം ഉറപ്പിക്കുന്നതാണ് ഈ സംഭവമെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

യുഎസ്–പാകിസ്ഥാൻ ബന്ധത്തിലെ നിർണായക നിമിഷമാണിതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ‍ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്കുള്ള പാക് അംഗീകാരമാണിതെന്നും ട്രംപ് പറഞ്ഞു.

ശീലങ്ങൾ മാറ്റാൻ പാക്കിസ്ഥാൻ തയാറായില്ലെങ്കിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്തു നടപടി സ്വീകരിക്കാനും മടിക്കില്ലെന്നു കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞിരുന്നു. ദക്ഷിണേഷ്യ, അഫ്ഗാനിസ്ഥാൻ വിഷയങ്ങളെക്കുറിച്ചു യുഎസ് കോൺഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മാറ്റിസ്.