മാൻ ബുക്കർ ജോര്‍ജ് സാന്‍ഡേഴ്‌സിന്; ആദ്യ നോവലിനുതന്നെ പുരസ്കാരം

2017ലെ മാന്‍ ബുക്കര്‍ പുരസ്കാരം നേടിയ അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്‌സ്. ചിത്രം: ട്വിറ്റർ

ലണ്ടൻ∙ അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്‌സിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം. മുൻ യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ട ഓർമകൾ ഉൾക്കൊള്ളിച്ച നോവൽ ‘ലിങ്കണ്‍ ഇന്‍ ദി ബര്‍ഡോ’ ആണ് പുരസ്കാരത്തിന് അർഹമായത്. 50,000 ബ്രിട്ടിഷ് പൗണ്ട് (ഏകദേശം 43 ലക്ഷം രൂപ) ആണ് സമ്മാനം.

ടെക്‌സസില്‍ ജനിച്ച സാന്‍ഡേഴ്‌സ് ന്യൂയോര്‍ക്കിലാണു താമസം. അൻപത്തിയെട്ടുകാരനായ ഇദ്ദേഹം നിരവധി ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ആദ്യ നോവൽതന്നെ വലിയ പുരസ്കാരത്തിന് അർഹമായി. ബ്രിട്ടീഷ് എഴുത്തുകാരായ അലി സ്മിത്ത്, ഫിയോണ മോസ്‍ലി, അമേരിക്കന്‍ എഴുത്തുകാരായ പോള്‍ ഓസ്റ്റര്‍, എമിലി ഫ്രിഡ്‌ലൻഡ്, ബ്രിട്ടിഷ്- പാക്ക് എഴുത്തുകാരൻ മൊഹ്‍സിൻ ഹാമിദ് എന്നിവരെ മറികടന്നാണു സാൻഡേഴ്സിന്റെ നേട്ടം.

1892ൽ പതിനൊന്നു വയസ്സുള്ള മകൻ വില്ലിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ലിങ്കന്റെ ഓർമകളിൽനിന്നാണു നോവൽ തുടങ്ങുന്നത്. ചരിത്ര സംഭവങ്ങൾ, സംഭാഷണങ്ങൾ, കത്തുകൾ, ജീവചരിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണു രചന. സാൻഡേഴ്സിന്റെ ഒന്‍പതാമത്തെ പുസ്തകമാണ് ലിങ്കണ്‍ ഇന്‍ ദി ബര്‍ഡോ. അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിയാണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നേടിയത്.

മാന്‍ ബുക്കര്‍ പ്രൈസിന് പരിഗണിച്ച പുസ്തകങ്ങളുടെ പട്ടികയില്‍ അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസും ഉള്‍പ്പെട്ടിരുന്നു.