Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇത് അടിയന്തരാവസ്ഥയ്ക്കു വളരെ അടുത്ത്': എഴുത്തുകാരുടെ അറസ്റ്റിൽ അരുന്ധതി റോയ്

arundhati-roy അരുന്ധതി റോയ്

ന്യൂഡൽഹി∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക പ്രവർത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടക്കുന്ന പൊലീസ് റെയ്ഡിനെതിരെ എഴുത്തുകാരി അരുന്ധതി റോയ്. ഇത്തരം നീക്കങ്ങൾ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു വളരെ അടുത്താണെന്നും അരുന്ധതി റോയ് ആരോപിച്ചു. 

ദലിത് അവകാശ പ്രവർത്തകർ, ബുദ്ധിജീവികൾ, കവികൾ, അഭിഭാഷകർ തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന നടക്കുന്നത്. കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. നീതിക്കു വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാൽ അവരെ കുറ്റവാളികളാക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പാണ് ഇതിനു പിന്നിൽ. ഇത്തരം കാര്യങ്ങൾ അനുവദിക്കരുത്. ഇതിനെതിരെ എല്ലാവരും  ഒരുമിക്കണം. അല്ലെങ്കിൽ നമ്മൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യം എല്ലാം നഷ്ടമാകും–അവര്‍ പറഞ്ഞു. 

മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് എട്ട് സാമൂഹിക പ്രവർത്തകരെ ലക്ഷ്യമാക്കി പുണെ പൊലീസ് റെയ്ഡ് നടത്തിയത്. ഇതിൽ‌ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഡൽഹി, ഫരീദാബാദ്, ഗോവ, മുംബൈ, താനെ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇവരുടെ വീടുകളിലാണു പരിശോധന നടന്നത്. വിപ്ലവ സാഹിത്യകാരനായ പി. വരവര റാവുവും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.