Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയേക്കാളും അപകടകാരി പാക്കിസ്ഥാൻ; മുൻ യുഎസ് സെനറ്റർ

Larry Pressler

വാഷിങ്ടൻ∙ ആണവായുധങ്ങൾ കൈവശമുള്ള പാക്കിസ്ഥാൻ ഉത്തര കൊറിയയേക്കാളും അപകടകാരിയാണെന്ന മുന്നറിയിപ്പുമായി മുൻ യുഎസ് സെനറ്റർ ലാറി പ്രെസ്‌ലർ. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങൾ സുരക്ഷിതമല്ല, അവ തീവ്രവാദികൾ മോഷ്ടിക്കാനോ പട്ടാള ഉദ്യോഗസ്ഥരാൽ വിൽക്കപ്പെടാനോ സാധ്യതയുണ്ട്. പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസിനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ആയുധ നിയന്ത്രണവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സബ്കമ്മിറ്റി ചെയർമാൻ ‌കൂടിയായിരുന്ന പ്രെസ്‌ലർ പറഞ്ഞു.

ഏറ്റവും എളുപ്പത്തിൽ പാക്കിസ്ഥാനിൽനിന്നുള്ള ആയുധങ്ങൾ യുഎസിലേക്കു കടത്താമെന്നും വേൾഡ് ട്രേഡ് സെന്റർ ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധങ്ങൾക്കു മേൽ ആരുടെയും നിയന്ത്രണങ്ങളില്ല. അതിനാലാണ് അവ മോഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യത കല്പിക്കപ്പെടുന്നത്. ആയുധങ്ങൾ ലോകത്തെവിടെയും എത്തിക്കാൻ അവർക്കു സാധിക്കുമെന്നും പ്രെസ്‌ലർ ഹുഡ്സൺ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.

ആണവായുധങ്ങൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്നും പ്രെസ്‌ലർ കൂട്ടിച്ചേർത്തു. ആയുധങ്ങളിലെ നിയന്ത്രണം ഒരാളിൽ നിക്ഷിപ്തമല്ലാത്തതിനാൽ യുഎസിന് ഉത്തര കൊറിയയേക്കാൾ അപകടകാരി പാക്കിസ്ഥാനാണ്. അവരെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്. അവർക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്നും പ്രെസ്‌ലർ വ്യക്തമാക്കി.

ആണവായുധം കൈവശമുള്ള രാജ്യമെന്നതു കണക്കിലെടുക്കുമ്പോൾ പാക്കിസ്ഥാനെയും ഉത്തര കൊറിയയേയും ചതിയന്മാരുടെ ഗണത്തിൽപ്പെടുത്താവുന്നതാണ്. യുഎസിന്റെ താൽപര്യങ്ങൾ ഇരു രാജ്യങ്ങളും കണക്കിലെടുക്കാറില്ല. സ്വന്തം മണ്ണിൽ ഭീകരരെ വളർത്തുന്ന രാജ്യമാണ് പാക്കിസ്ഥാൻ. അതേസമയം, ഉത്തര കൊറിയ യുഎസിനൊരു ഭീഷണിയുമാണ് – പ്രെസ്‍ലർ വ്യക്തമാക്കി.