Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സ്റ്റാര്‍ട്ടപ്' ഇന്ത്യയും 'ഷട്ടപ് ഇന്ത്യ'യും തമ്മിൽ ചേരില്ല: രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും എതിരെ വീണ്ടും വിമർശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്റ്റാർട്ടപ് ഇന്ത്യയും ‘ഷട്ടപ്പ് ഇന്ത്യ’യും ഒരുമിച്ചു പോകില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ചൈന പ്രതിദിനം അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോൾ ഇന്ത്യയിൽ അത് 450 എണ്ണം മാത്രമാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ നടക്കുന്ന ഒരു വികസനവും നല്ലതല്ല. സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. ജനങ്ങളെ വിശ്വാസത്തിലെടുക്കണം.

ഇന്ത്യയുടെ സാമ്പത്തിക അടിത്തറയ്ക്കുമേല്‍ മോദി നടത്തിയ രണ്ട് ആഘാതങ്ങളാണു നോട്ടുനിരോധനവും ജിഎസ്ടിയും. ജിഡിപി കുത്തനെ ഇടിഞ്ഞ് എംഎംഡി (മോദി മെയ്ഡ് ഡിസാസ്റ്റർ– മോദി സൃഷ്ടിച്ച ദുരന്തം) അവസ്ഥയിൽ എത്തിയെന്നും ഡൽഹിയിൽ പിഎച്ച്ഡി ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെ പരിപാടിയിൽ രാഹുൽ പറഞ്ഞു.

വലിയ നെഞ്ചളവ് ഉണ്ടെങ്കിലും തീരെച്ചെറിയ ഹൃദയമേ പ്രധാനമന്ത്രിക്കുള്ളൂ. രാജ്യത്തെ ഓരോരുത്തരും കള്ളന്‍മാരാണെന്നാണു മോദി ചിന്തിക്കുന്നത്. രാജ്യത്തെ ജനങ്ങളെ അദ്ദേഹം വിശ്വസിക്കുന്നില്ല. സ്റ്റാർട്ടപ് ഇന്ത്യയെ ഞങ്ങൾ അംഗീകരിക്കുന്നു. പക്ഷേ അതിന്റെ കൂടെ ഷട്ടപ് ഇന്ത്യയെ കൊണ്ടുപോകാനാകില്ല. രാജ്യത്തെ സമ്പദ് വ്യവസ്ഥ മനസ്സിലാക്കാൻ മോദിക്കു സാധിച്ചില്ല. എല്ലാ പണവും കള്ളപ്പണമല്ല, എല്ലാ കള്ളപ്പണവും കറൻസിയിലുമല്ല. നോട്ടുനിരോധനത്തിനു മുൻപ് ഇത് അദ്ദേഹം തിരിച്ചറിഞ്ഞില്ല.

പാവങ്ങളും പണക്കാരും തമ്മിലുള്ള വൈരുധ്യം മോദിയുടെ ഭരണകാലത്ത് വർധിച്ചു. വ്യവസായങ്ങള്‍ നഷ്ടത്തില്‍ മുങ്ങിത്താഴുമ്പോഴും ദിവസവും ടിവിയില്‍ വന്ന് എല്ലാം ഭദ്രമാണെന്നാണു ധനമന്ത്രി പറയുന്നത്. ജിഎസ്ടി നികുതി തീവ്രവാദത്തിനു കാരണമായി. മോദി സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യക്കാര്‍ നിര്‍മിച്ച താജ്മഹലിനെ പറ്റി ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ കേട്ടു ലോകം ചിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

related stories