അമ്പലപ്പുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

അമ്പലപ്പുഴ ∙ മീൻ കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. നീണ്ടകര സ്വദേശി സണ്ണി (58), മകൻ അജി (33) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന ജോസ് (42), സ്റ്റീൻ (36) എന്നിവരെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിനു സമീപം രാത്രി ഒൻപതിനായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്കു പോയ ലോറിയും എതിർദിശയിൽ വന്ന കാറുമാണ് അപകടത്തിൽപെട്ടത്. കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും അമ്പലപ്പുഴ പൊലീസും ചേർന്നാണു പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗത്തെ ടയർ ഇളകിപ്പോയി.