വാഹനാപകട മരണം: പ്രായവും വരുമാനവും നഷ്ടപരിഹാരത്തിനു മാനദണ്ഡമെന്ന് കോടതി

ന്യൂ‍ഡൽഹി ∙ വാഹനാപകടത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നതിനു മുൻപ് മരിച്ചയാളുടെ പ്രായവും വരുമാനവും മാനദണ്ഡമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ജോലിയുടെ സ്വഭാവവും കണക്കിലെടുക്കണമെന്ന് നിർദ്ദേശമുണ്ട്.

മരിച്ചയാളുടെ പ്രായം 40 വയസ്സിനു താഴെയെങ്കിൽ വരുമാനത്തിന്റെ 50 ശതമാനം അധികം ഇൻഷുറൻസ് നൽകണം. 40 മുതൽ 50 വയസ്സു വരെയാണെങ്കിൽ വരുമാനത്തിന്റെ 30 ശതമാനവും 50 മുതൽ 60 വരെയാണെങ്കിൽ 15 ശതമാനവും അധികം ഇൻഷുറൻസ് നൽകണം. നികുതിയൊഴിച്ചുള്ള വരുമാനമായിരിക്കണം കണക്കാക്കേണ്ടത്. താൽക്കാലിക ജോലിയുള്ളവർക്ക് നഷ്ടപരിഹാരത്തിൽ നേരിയ കുറവു മാത്രമേ വരുത്താൻ പാടുള്ളൂവെന്നും കോടതി നിർദേശിക്കുന്നു. അഞ്ചംഗ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.