മുക്കത്തെ ആക്രമണം ആസൂത്രിതം, പിന്നിൽ തീവ്രസ്വഭാവ സംഘടനകൾ: പൊലീസ്

അക്രമമുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

മുക്കം∙ കൊച്ചി – മംഗലാപുരം ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരത്തിനിടെയുണ്ടായ അക്രമത്തിനുപിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നു പൊലീസ്. മലപ്പുറത്തുനിന്നുവരെ അക്രമണത്തിനായി ആളുകളെത്തിയിരുന്നു. മലപ്പുറത്തെ ചില സംഘടനകളെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രതിഷേധവും പൊലീസ് സ്റ്റേഷൻ ആക്രമണവും ആസൂത്രിതമാണ്. സമരക്കാരിൽ ചിലരെത്തിയത് വടിയും കല്ലുകളുമായാണെന്നും പൊലീസ് വ്യക്തമാക്കി. 

സമരത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഉൾപ്പെടെയുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണു സമരക്കാരുടെ ലക്ഷ്യം. സംഭവത്തിൽ 32 പേരെയാണു ഇന്നലെ അറസ്റ്റു ചെയ്തത്. ഇവരെ റിമാൻഡു ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അതിനിടെ സമരക്കാർക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നടത്തുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ അഞ്ചുവരെയാണ് ഹർത്താൽ. നിയോജക മണ്ഡലത്തിനു പുറമെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പ‍ഞ്ചായത്തിലും ഹർത്താൽ നടത്തുന്നുണ്ട്.