Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗെയ്ൽ പൈപ്പ് ഐഐടി മതിലിനോടു ചേർന്ന്; തർക്കത്തിനു പരിഹാരം

GAIL

പാലക്കാട്∙ ഐഐടി ക്യാംപസിന്റെ മധ്യത്തിലൂടെയുള്ള നിർദ്ദിഷ്ട ഗെയ്ൽ പൈപ്പ് ലൈനിന്റെ രൂപരേഖ മാറ്റാൻ ഉന്നത ഉദ്യേ‍ാഗസ്ഥരുടെ ചർച്ചയിൽ തീരുമാനം. വാതക പൈപ്പ് ക്യാംപസിലെ ചുറ്റുമതിലിന്റെ അരികിൽ സ്ഥാപിക്കാമെന്നു ചർച്ചയിൽ ഗെയ്ൽ അറിയിച്ചു. പതിനാലു കിലേ‍ാമീറ്ററുള്ള ചുറ്റുമതിലിന് അരികു ചേർന്നാണു രണ്ടര കിലേ‍ാമീറ്റ‍ർ നീളത്തിൽ പൈപ്പ് സ്ഥാപിക്കുക.

സ്ഥലം ഐഐടി സിവിൽ എൻജിനീയറിങ് വിഭാഗത്തിന്റെ സാന്നിധ്യത്തിൽ പിന്നീടു പരിശേ‍ാധിക്കും. മുന്നേ‍ാടിയായി താൽക്കാലിക രൂപരേഖ തയാറാക്കി. തീരുമാനം രൂപരേഖയുൾപ്പെടെ ആറിനു ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ നടക്കുന്ന യേ‍ാഗത്തിൽ അവതരിപ്പിക്കും. പൈപ്പ്‌ ലൈൻ രൂപരേഖ വിവാദമായതേ‍ാടെയാണു യേ‍ാഗം ചേർന്നത്. ഐഐടിയുടെ 504 ഏക്കർ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതുവരെ പൈപ്പ് ലൈൻ സംബന്ധിച്ച് അധികൃതർക്ക് അറിവില്ലായിരുന്നെന്നും ഔദ്യേ‍ാഗിക രേഖ ലഭിച്ചിട്ടില്ലെന്നും റവന്യൂ വിഭാഗം പറയുന്നു.

എന്നാൽ, സ്ഥലത്തിന്റെ വിജ്ഞാപനം ഉൾപ്പെടെയുള്ള നടപടികൾ നേരത്തെ പൂർത്തിയാക്കിയതായി ഗെയ്ൽ അധികൃതർ പറഞ്ഞു. ജില്ലാതലത്തിൽ പ്രശ്നം പരിഹരിക്കാനായിരുന്നു ഐഐടിയുടെ ശ്രമം. പദ്ധതിക്കു തടസ്സം നിന്നാൽ നിയമ നടപടി സ്വീകരിക്കുമെന്ന ഗെയ്‌ലിന്റെ മുന്നറിയിപ്പിന് ഐഐടി മറുപടിയെഴുതിയതാണു ചർച്ച അനിവാര്യമാക്കിയത്.

ഐഐടി ഡയറക്ടർ പ്രഫ.പി.ബി. സുനിൽ കുമാറിന്റെ സാന്നിധ്യത്തിൽ, അഡ്വൈസർ എം. മാധവനുണ്ണി, കേന്ദ്രമരാമത്ത് എൻജിനീയർ എം. ബാലകൃഷ്ണൻ, ഗെയ്ൽ ഡിജിഎം ജേ‍ാർജ് ആന്റണി, കൺസ്ട്രക്‌ഷൻ എൻജിനീയർ എ. ജീവൻ എന്നിവർ യേ‍ാഗത്തിൽ പങ്കെടുത്തു.