Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂറ്റനാട് - വാളയാർ പ്രകൃതിവാതക പൈപ്പ് ലൈനിന് കരാറായി

GAIL Representative Image

കൊച്ചി ∙ കൂറ്റനാട് - വാളയാർ സ്ട്രെച്ചിൽ എൽഎൻജി (പ്രകൃതിവാതകം) പൈപ് ലൈൻ സ്ഥാപിക്കുന്നതിനു 100.29 കോടി രൂപയുടെ കരാർ. അഹമ്മദാബാദ് ആസ്ഥാനമായ കോർടെക് ഇന്റർനാഷനൽ ലിമിറ്റഡിനാണു പദ്ധതി നടപ്പാക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്‌ൽ) കരാർ നൽകിയത്. പൈപ്പിടൽ മുതൽ കമ്മിഷനിങ് വരെയുള്ള ജോലികളാണു കരാറിലുള്ളത്. കൊച്ചി - കൂറ്റനാട് - ബെംഗളൂരു - മംഗളൂരു പൈപ് ലൈൻ പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണു കൂറ്റനാടു നിന്നു കേരള – തമിഴ്നാട് അതിർത്തിയിലുള്ള വാളയാറിലേക്ക് 24 ഇഞ്ച് വ്യാസമുള്ള പ്രധാന ലൈൻ സ്ഥാപിക്കുന്നത്. 

ലക്ഷ്യം കോയമ്പത്തൂർ വ്യവസായ മേഖല

കൂറ്റനാട് - വാളയാർ ലൈനിന്റെ ദൈർഘ്യം 94 കിലോമീറ്ററാണ്. വാളയാറിൽ നിന്ന് 27 കിലോമീറ്റർ ദൈർഘ്യത്തിൽ ചെറിയ പൈപ് ലൈൻ (സ്പർ ലൈൻ) സ്ഥാപിച്ചു കോയമ്പത്തൂരിലെ വ്യവസായ മേഖലയിൽ പ്രകൃതിവാതകം ലഭ്യമാക്കുകയാണു ലക്ഷ്യം. 

കൊച്ചിയിൽ നിന്നു കൂറ്റനാട് വരെയെത്തുന്ന പ്രധാന പൈപ് ലൈൻ അവിടെ നിന്നു ബെംഗളൂരുവിലേക്കും മംഗളൂരുവിലേക്കുമായി രണ്ടായി പിരിയും. വടക്കൻ ജില്ലകളിലൂടെ മംഗളൂരുവിലേക്കും മറ്റൊന്നു വാളയാർ - കോയമ്പത്തൂർ വഴി ബെംഗളൂരുവിലേക്കും. ബെംഗളൂരു ലൈനിന്റെ ഭാഗമായാണു കൂറ്റനാടു നിന്നു വാളയാർ വരെ പൈപ് ലൈൻ സ്ഥാപിക്കുന്നത്. 

കഞ്ചിക്കോടിനും ഗുണകരം

വാളയാറിൽ നിന്നു ചെറു ലൈൻ സ്ഥാപിക്കുന്നതിലൂടെ കാര്യമായ താമസമില്ലാതെ തന്നെ കോയമ്പത്തൂരിലെ വ്യവസായ മേഖലയിൽ വാതകം എത്തിക്കാൻ കഴിയുമെന്നതാണു പ്രധാന നേട്ടം. പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായ മേഖലയിലെ യൂണിറ്റുകൾക്കും വാതകമെത്തിക്കാൻ കഴിയും. 

2013 ൽ തന്നെ പുതുവൈപ്പിലെ പ്രകൃതിവാതക ഇറക്കുമതി ടെർമിനൽ കമ്മിഷൻ ചെയ്തുവെങ്കിലും പൈപ് ലൈൻ പൂർത്തിയാകാത്തതിനാൽ കൊച്ചി ഒഴികെയുള്ള പ്രധാന വ്യവസായ മേഖലകളിൽ വാതകം എത്തിക്കാനായിട്ടില്ല. ‌പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.