Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈപ്‌ലൈൻ തീർന്നാൽ എൽഎൻജി കുറഞ്ഞ വിലയിൽ

Representational image

കൊച്ചി ∙ ദേശീയ വാതക ഗ്രിഡിൽനിന്നു കേരളത്തിന് അർഹമായ വിഹിതം ലഭിക്കാൻ വഴിയൊരുങ്ങുമെന്നതാണ് പ്രകൃതി വാതക (എൽഎൻജി) പൈപ്‌ലൈൻ പൂർത്തിയാകുമ്പോഴുണ്ടാകുന്ന പ്രധാന നേട്ടമെന്നു പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് ചെയർമാൻ ഡി.കെ. സരാഫ്. സിറ്റി ഗ്യാസ് പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘മനോരമ’യുമായി സംസാരിക്കുകയായിരുന്നു.

വിഹിതം കിട്ടുന്നു എന്നു മാത്രമല്ല, ഇന്ത്യയിൽത്തന്നെ ഉൽപാദിപ്പിക്കുന്ന വാതകമാകയാൽ കുറഞ്ഞ വിലയ്ക്കു ലഭിക്കുകയും ചെയ്യും. രാജ്യത്ത് ആവശ്യമുള്ള വാതകത്തിന്റെ 45% മാത്രമാണ് ആഭ്യന്തര ഉൽപാദനമെങ്കിലും അതു ലഭിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും അർഹതയുണ്ട്. ലഭ്യമാകണമെങ്കിൽ ദേശീയ വാതക ഗ്രിഡുമായി പൈപ്‌ലൈൻ വഴി ബന്ധിപ്പിക്കണം. കേരളം ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കപ്പെടാത്തതിനാൽ ഇറക്കുമതി വാതകം മാത്രമാണു നിലവിൽ ലഭിക്കുന്നത്- സരാഫ് പറഞ്ഞു. 

ആഭ്യന്തര വാതക വിഹിതം ലഭിച്ചാൽ കേരളത്തിലെ വ്യവസായശാലകൾക്കു കോടിക്കണക്കിനു രൂപയുടെ ലാഭം നേടാനാകും. കേരളം ഗ്രിഡിൽ ഉൾപ്പെടാത്തതിനാൽ ഫാക്ട്, ബിപിസിഎൽ, എൻടിപിസി പോലുള്ള സ്ഥാപനങ്ങൾക്കു കുറഞ്ഞ നിരക്കിൽ ആഭ്യന്തര വാതക വിഹിതം ലഭിക്കാനുള്ള അവസരമാണു നഷ്ടപ്പെടുന്നത്. 

കൊച്ചി-ബെംഗളൂരു പൈപ്‌ലൈൻ പൂർത്തിയാകാത്തതിനാൽ ആഭ്യന്തര വാതകം കിട്ടില്ല. തമിഴ്നാട്ടിലെ എതിർപ്പുമൂലം സേലം വഴി ബെംഗളൂരുവിലേക്കുള്ള പൈപ്പിടൽ ആരംഭിച്ചിട്ടില്ല. പാലക്കാട് അതിർത്തി വരെയാണു ജോലികൾ നടക്കുന്നത്. 

നാടന് 5.4 ഡോളർ, മറുനാടന് 14 ഡോളർ

ദേശീയ വാതക ശൃംഖലയുടെ ഭാഗമായ വടക്കൻ സംസ്ഥാനങ്ങളിൽ ആഭ്യന്തര വാതകം ലഭിക്കുന്നത് യൂണിറ്റിനു ശരാശരി 5.4 ഡോളറിനാണ്. കേരളത്തിൽ ലഭിക്കുന്ന ഇറക്കുമതി വാതകത്തിന്റെ വിലയാകട്ടെ 14 ഡോളറും. ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കപ്പെട്ടാൽ ശരാശരി ഏഴു ഡോളറിനെങ്കിലും കേരളത്തിനു വാതകം ലഭിക്കുമെന്നാണു വിലയിരുത്തൽ. മാത്രമല്ല, വ്യാവസായിക ഉപയോഗം വർധിക്കുന്നതോടെ സ്വാഭാവികമായും വില കുറയുകയും ചെയ്യും.