റയാൻ സ്‌കൂളിലെ കൊലപാതകം പരീക്ഷ മാറ്റാൻ വേണ്ടിയെന്ന് വിദ്യാർഥിയുടെ മൊഴി

ന്യൂഡൽഹി ∙ ഹരിയാനയിലെ റയാന്‍ സ്കൂളില്‍ ഏഴുവയസ്സുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വന്‍വഴിത്തിരിവ്. ഇതേ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് സിബിഐ കണ്ടെത്തി. പരീക്ഷ മാറ്റിവയ്ക്കാനായാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കി. അതേസമയം, കേസില്‍ ഹരിയാന പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത സ്കൂള്‍ ബസിന്‍റെ കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് സിബിഐ വ്യക്തമാക്കി.

സ്കൂള്‍ ബസിന്‍റെ കണ്ടക്ടറെ അറസ്റ്റ് ചെയ്ത ഹരിയാന പൊലീസ് നടപടി തെറ്റാണെന്ന് തെളിയിച്ചാണ് സിബിഐ കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഗുരുഗ്രാം റയാന്‍ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. പരീക്ഷയും അധ്യാപക രക്ഷാകര്‍തൃ യോഗവും മാറ്റിവയ്ക്കാനാണ് കൊലപാതകം നടത്തിയതെന്ന് വിദ്യാര്‍ഥി മൊഴി നല്‍കിയതായി സിബിഐ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സെപ്റ്റംബര്‍ എട്ടിന് പ്രഥ്യുമന്‍ ഠാക്കൂറെന്ന വിദ്യാര്‍ഥിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടതായി അധ്യപകരെ ആദ്യം അറിയിച്ചത് ഈ വിദ്യാര്‍ഥിയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.

കൊലപാതകത്തിനു പിന്നാലെ സ്കൂള്‍ ബസിന്‍റെ കണ്ടക്ടര്‍ അശോക് കുമാറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടക്ടര്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. ഹരിയാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നതില്‍ തൃപ്തിയുണ്ടെന്നും പ്രഥ്യുമന്‍ ഠാക്കൂറിന്‍റെ അച്ഛന്‍ വരുണ്‍ ഠാക്കൂര്‍ പറഞ്ഞു.