രോഗിക്കൊപ്പം വന്നവര്‍ ഡോക്ടറെയും ജീവനക്കാരെയും മര്‍ദിച്ചു– വിഡിയോ

ആറ്റുകാൽ ആശുപത്രിയിൽ രോഗിക്കൊപ്പം എത്തിയവർ അക്രമം നടത്തിയപ്പോൾ (വിഡിയോ ദൃശ്യം)

തിരുവനന്തപുരം∙ ആറ്റുകാൽ ആശുപത്രിയിൽ രോഗിക്കൊപ്പം എത്തിയവർ അക്രമം നടത്തിയെന്ന് പരാതി. ആശുപത്രി സൂപ്രണ്ടിനും ജീവനക്കാർക്കും പരുക്കേറ്റു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ പരുക്കേറ്റെന്നു പറഞ്ഞ് യുവാവിനെ ആശുപത്രിയിലെത്തിച്ച സംഘം അക്രമം നടത്തിയെന്നാണ് പരാതി. പരുക്കേറ്റ യുവാവിനെ ഡ്രസ് ചെയ്യുന്നതിനിടയിൽ ഒപ്പമെത്തിയവർ മിനി ഓപറേഷൻ തിയറ്ററിൽ കയറണമെന്ന് വാശി പിടിച്ചെന്നും ജീവനക്കാർ തടഞ്ഞപ്പോൾ ആക്രമിച്ചെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. 

രോഗിക്കൊപ്പമെത്തിയവർ മദ്യപിച്ചിരുന്നെന്നും പരാതിയിലുണ്ട്. പൊലീസ് എത്തുന്നതിനു മുമ്പ് അക്രമം നടത്തിയവർ മുങ്ങി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്. കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ കേസെടുത്തെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. ആറ്റുകാൽ പരിസരത്തുള്ളവർ തന്നെയാണ് അക്രമത്തിലുൾപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.