ചാണ്ടിയോട് സിപിഐ ഇടഞ്ഞു, വിഎസും; വീണത് സർക്കാരിന്റെ മൂന്നാം വിക്കറ്റ്

തിരുവനന്തപുരം ∙ തോമസ് ചാണ്ടിയ‌ുടെ രാജി മുന്നണിക്കകത്തും പുറത്തും നിന്നുള്ള ആക്രമണങ്ങളിൽ പ്രതിരോധം പൂർണമായും നഷ്ടമായതോടെ. മന്ത്രിയും എൻസിപിയും പരമാവധി ചെറുക്കാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതിയുടെ വിമർശനം കൂടി വന്നതോടെ നില പരുങ്ങലിലാവുകയായിരുന്നു. നിലം നികത്തൽ വിവാദത്തിൽ സിപിഐ ആദ്യം മുതൽ സ്വീകരിച്ചത് തോമസ് ചാണ്ടി വിരുദ്ധ നിലപാടാണ്. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും അഡ്വക്കറ്റ് ജനറലും തമ്മിൽ കായൽ കയ്യേറ്റ വിഷയത്തിൽ പരസ്യമായി വാക്കുതർക്കവുമുണ്ടായി.

കയ്യേറ്റ വിരുദ്ധ നിലപാട് വ്യക്തമാക്കിയ സിപിഐ, തീരുമാനം മുഖ്യമന്ത്രിക്കു വിട്ടു. ചാണ്ടിക്കെതിരെ കലക്ടറുടെ റിപ്പോർട്ട് പുറത്തുവന്നതോടെ നടപടി നീട്ടിക്കൊണ്ടു പോകുന്നതിൽ സിപിഐ അതൃപ്തി വ്യക്തമാക്കി. പല കോണുകളിൽനിന്നു രാജിക്കായി മുറവിളി ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിയെ തിരക്കിട്ടു വിളിപ്പിച്ചതും ശാസിച്ചതും വലിയ വാർത്തയായിരുന്നു. എങ്കിലും വിഷയത്തിൽ മുഖ്യമന്ത്രി പരസ്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ അറിയിച്ചതോടെ വിവാദം അതിന്റെ ഉച്ചസ്ഥായിയിലെത്തി.

കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പരസ്യമായി തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തു തുടരാൻ അയോഗ്യനാണെന്ന് വ്യക്തമാക്കി. ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷനും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദനും ചാണ്ടിക്കെതിരെ തുറന്നടിച്ചു. രാജിവച്ചില്ലെങ്കിൽ ചാണ്ടിയെ പിടിച്ചിറക്കി വിടേണ്ടിവരുമെന്നാണ് വിഎസ് പറഞ്ഞത്. മന്ത്രി ജി.സുധാകരനും തന്റെ നീരസം പരസ്യമാക്കി. അലക്കി വെളുപ്പിക്കും വരെ അലക്കുകാരൻ വിഴുപ്പ് ചുമക്കണ്ടേ എന്നായിരുന്നു സുധാകരന്റെ പരിഹാസം. ഇടതുമുന്നണിയിലും മന്ത്രിസഭയിലും ചാണ്ടിക്കെതിരായ സ്വരങ്ങളുണ്ടെന്ന് തെളിഞ്ഞതോടെ, മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു.

പഴുതുകളടച്ച് കലക്ടറുടെ ‘കുറ്റപത്രം’

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ട്, മാർത്താണ്ഡം കായൽ എന്നിവിടങ്ങളിൽ നടത്തിയ നിലം നികത്തൽ, റോഡ് നിർമാണം, ബണ്ട് നിർമാണം എന്നിവ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടാണ് കലക്ടർ സമർപ്പിച്ചത്. എന്നാൽ, ഭൂമി കയ്യേറിയിട്ടില്ലെന്നും നികത്തൽ നടന്ന ഭൂമിയുമായി ബന്ധമില്ലെന്നുമാണ് തോമസ് ചാണ്ടി തുടക്കം മുതൽ നിലപാട് എടുത്തത്. താഴെപ്പറയുന്ന ആരോപണങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ റിപ്പോർട്ടിൽ കലക്ടർ ചൂണ്ടിക്കാട്ടിയത്.

∙ ലേക്ക് പാലസ് റിസോർട്ടിന്റെ ഉപയോഗത്തിനായി സർക്കാർ ഫണ്ട് ഉപയോഗിച്ചു പൊതുആവശ്യത്തിന്റെ മറവിൽ റോഡു നിർമിച്ചു.

∙ കൃഷിയുടെ മറവിൽ പുറംബണ്ടു നിർമിച്ചു റിസോർട്ടിനു പാർക്കിങ് ഗ്രൗണ്ട് നിർമിച്ചു.

∙ മാർത്താണ്ഡം കായലിലെ പുറമ്പോക്കുവഴിയും മിച്ചഭൂമിയും നികത്തി ഭൂമിയുടെ ഘടന മാറ്റി.

∙ ഭൂപരിഷ്കരണ നിയമപ്രകാരം മിച്ചഭൂമി ഭൂരഹിതരായ കർഷകർക്കു നൽകുകയെന്ന സർക്കാരിന്റെ ലക്ഷ്യം പരാജയപ്പെടുത്തി.

∙ വീടു നിർമിക്കുന്നതിനു പുരയിടമായി നൽകിയ സ്ഥലം മറ്റാവശ്യത്തിന് ഉപയോഗിച്ചു.

∙ ലേക്ക് പാലസിനു സൗകര്യപ്പെടുന്ന തരത്തിൽ എംപി ഫണ്ടുപയോഗിച്ചു നടത്തിയ റോഡ് നിർമാണത്തിൽ ക്രമക്കേട്.

∙ റോഡിനായി നിലം നികത്തുന്നതിനു പ്രാദേശിക സമിതി നൽകിയ ശുപാർശ സംസ്ഥാന സമിതിക്ക് അയച്ചില്ല.

∙ അനുവദിച്ചതിലും കൂടുതൽ വീതിയിൽ നിർമിച്ച റോഡിന്റെ പ്രയോജനം ലേക്ക് പാലസ് റിസോർട്ടിനു മാത്രം. 

∙ പാടശേഖര സമിതിയുടെ പുറംബണ്ടു നിർമാണം എന്ന പേരിൽ വരമ്പ് ബലപ്പെടുത്തി വീതി കൂട്ടി നികത്തി പാർക്കിങ് ഗ്രൗണ്ടാക്കി.

∙ ഗ്രൗണ്ടിൽ കമ്പിവേലി നിർമിച്ചു സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതോടെ കൃഷി അസാധ്യമാക്കി.

∙ കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലത്തു റിസോർട്ട് പണിതതോടെ ജനങ്ങളുടെ വഴി തടസ്സപ്പെട്ടു.

∙ 2008 നു മുൻപുള്ള നികത്തലുകളിൽ ഭൂമി വിനിയോഗ നിയമം ലംഘിച്ചു. 

∙ വലിയകുളം – സീറോ ജെട്ടി റോഡിന്റെ നിർമാണത്തിനു വേണ്ടി നികത്തിയ ഭൂമി പഴയപടിയാക്കണമെന്ന ആർഡിഒയുടെ ഉത്തരവു നടപ്പാക്കിയില്ല.

∙ ലേക്ക് പാലസ് റിസോർട്ടിന്റെ ഭൂമികളിൽ ചിലതു റീസർവേ പ്രകാരവും ഭൂസ്ഥിതി പ്രകാരവും പുരയിടമായി കാണപ്പെടുന്നുണ്ടെങ്കിലും മുൻ സർവേ രേഖകളിൽ നിലമാണ്.