ബിജെപി നേതാവു വെടിയേറ്റു മരിച്ച സംഭവം: സിബിഐ അന്വേഷിക്കണമെന്നു കുടുംബം

ശിവകുമാർ സഞ്ചരിച്ച കാർ. ചിത്രം കടപ്പാട്: എഎൻഐ, ട്വിറ്റർ.

നോയിഡ∙ ഗ്രേറ്റർ നോയിഡയിൽ ബിജെപി നേതാവു വെടിയേറ്റു മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം രംഗത്തെത്തി. മുൻ ഗ്രാമമുഖ്യനും ബിജെപി നേതാവുമായ ശിവകുമാർ യാദവും ഡ്രൈവറുമാണു വ്യാഴാഴ്ച വൈകുന്നേരം ബിസ്റാഖ് മേഖലയിൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ചത്. ഗാസിയാബാദിലേക്കു കാറിൽ പോകവെയാണ് ആക്രമണം. കൊലപാതകത്തിൽ പ്രതിഷേധിച്ചു നോയിഡ സെക്ടർ 71ൽ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചു. പ്രതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്നു കുടുംബം ആവശ്യപ്പെട്ടു.

കേസ് അന്വേഷണത്തിനായി പ്രത്യേക കർമസേനയെ രൂപീകരിച്ചിട്ടുണ്ടെന്നു നോയിഡ എസ്പി അരുൺ കുമാ‍ർ സിങ് അറിയിച്ചു. നാലു പേരാണ് ആക്രമണം നടത്തിയതെന്നാണു സംശയം. ചിലയാളുകളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും എസ്പി അറിയിച്ചു. തിരഞ്ഞെടുപ്പു സമയത്തുണ്ടായ ദേഷ്യമാകാം യാദവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണു കരുതുന്നത്.

യാദവിന്റെ കാറിനുനേരെ അക്രമികൾ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ അക്രമികളെ തിരിച്ചറിയാനാകുന്നില്ല. അന്വേഷണത്തിനായി ആറു സംഘങ്ങളെയാണു രൂപീകരിച്ചിരിക്കുന്നതെന്നും എസ്പി അറിയിച്ചു. കൂടാതെ ക്രമസമാധാനപാലനത്തിനായി യാദവിന്റെ ഗ്രാമമായ ബെഹ്‌ലോപുരിൽ അധികം സേനയെയും വിന്യസിച്ചിട്ടുണ്ട്.

ഹൈബത്പുരിൽനിന്നു ഗാസിയാബാദിലേക്കു പോകുകയായിരുന്നു യാദവും സംഘവും. യാദവും ഡ്രൈവർ ബലിനാഥും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ അംഗരക്ഷകൻ റായീസ് വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ മരിച്ചു. വെടിവയ്പ്പിനെത്തുടർന്നു യാദവിന്റെ കാർ മറ്റൊരു കാറിൽ ഇടിച്ചിരുന്നു. ഇതിലുണ്ടായിരുന്ന യുവതിയും പിന്നീട് ആശുപത്രിയിൽ മരിച്ചതായി പൊലീസ് അറിയിച്ചു.