ഊബറിൽ‌ സൈബറാക്രമണം; ഒത്തുതീർപ്പിന് ഹാക്കർമാർക്ക് ഒരു ലക്ഷം ഡോളർ

കലിഫോർണിയ ∙ ഓണ്‍ലൈന്‍ ടാക്സി കമ്പനി ഊബറിൽ ഹാക്കർമാരുടെ വൻ ആക്രമണം. ഉപയോക്താക്കളുടെയും ഡ്രൈവര്‍മാരുടെയും ഉള്‍പ്പെടെ 57 ദശലക്ഷം വ്യക്തിവിവരങ്ങൾ ചോർന്നതായി വാർത്താ ഏജൻ‌സി റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിലേറെയായി കമ്പനി മറച്ചുവച്ച ആക്രമണ വിവരമാണ് ഇപ്പോൾ പുറത്തായത്.

2016 ഒക്ടബോറിലായിരുന്നു സൈബർ ആക്രമണം. 50 ദശലക്ഷം ഊബർ ഉപയോക്താക്കളുടെ പേര്, ഇമെയിൽ‍, ഫോണ്‍ നമ്പർ എന്നിവയും ഏഴ് ദശലക്ഷം ഡ്രൈവര്‍മാരുടെ വ്യക്തിവിവരങ്ങളും ലൈസന്‍സ് നമ്പരുമാണു ചോർത്തിയത്. ഡ്രൈവർമാരിൽ ആറുലക്ഷം പേരും യുഎസ് പൗരന്മാരാണ്. സാമൂഹ്യസുരക്ഷാ നമ്പർ, ക്രെഡിറ്റ് കാർഡ്, ബാങ്ക്, യാത്രാ വിവരങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഊബർ അറിയിച്ചു.

ഹാക്കിങ് നടന്നെന്നു വ്യക്തമായപ്പോൾ വിവരം പുറത്തറിയാതിരിക്കാൻ കമ്പനി ശ്രദ്ധിച്ചു. പകരം, ഹാക്കർമാർക്കു പണം നൽകി വിവരങ്ങൾ മായ്ച്ചു കളയിപ്പിക്കാനായിരുന്നു ശ്രമം. ഇതിനായി ഒരു ലക്ഷം ഡോളർ (ഏകദേശം 65 ലക്ഷം രൂപ) ഹാക്കർമാർക്ക് കൊടുത്തെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. രണ്ടുപേരാണു ഹാക്കിങ്ങിന് നേതൃത്വം നൽകിയതെന്നും ആക്രമണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും ഊബർ സിഇഒ വിശദീകരിച്ചു.

സംഭവത്തിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ ജോ സള്ളിവൻ, ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫിസർ ക്രെയ്ഗ് ക്ലാർക്ക് എന്നിവരെ ഊബർ പുറത്താക്കി. ഇതിനുമുൻപും ഊബറിന്റെ വിവരങ്ങൾ ചോർന്നിരുന്നു. 2014ൽ കമ്പനിയിലെ ജീവനക്കാരൻ തന്നെയാണ് ‘ഗോഡ് വ്യൂ’ എന്ന സോഫ്റ്റ്‌വെയർ ടൂൾ‌ ഉപയോഗിച്ച് അന്ന് വിവരങ്ങൾ മോഷ്ടിച്ചത്. രഹസ്യവിവരങ്ങള്‍ കൂടുതൽ സുരക്ഷിതമാക്കാന്‍ നടപടിയെടുത്തതായി ഊബർ അറിയിച്ചു.