ഇന്ത്യയെ വിഭജിച്ചത് കോൺഗ്രസും നെഹ്റുവും: ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്

ജയ്പൂർ∙ കോൺഗ്രസ് പാർട്ടിയാണ് ഇന്ത്യയെ വിഭജിച്ചതെന്നും രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തരാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും വ്യക്തമാക്കി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഇന്ത്യയെ വിഭജിച്ചത് മു‍ൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും യോജിപ്പിച്ചത് വല്ലഭായ് പട്ടേലുമാണ്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 പോലെ ലോകത്ത് ഒരിടത്തെയും അങ്ങനെയൊരു ആർട്ടിക്കിൾ ഇല്ല. കശ്മീരിലെ ജനങ്ങളെ മുൻപന്തിയിലേക്കു കൊണ്ടുവരണം.

ദോക്‌ലാ വിഷയത്തിൽ നയതന്ത്രതലത്തിൽ സമ്മർദം ശക്തമായതോടെ ചൈന ഇന്ത്യയ്ക്കു മുന്നിൽ മുട്ടുകുത്തി. ഇന്ത്യയെ സ്നേഹിക്കാത്തവർ രാജ്യം വിടണമെന്നും ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടു. ത്രിവർണപതാകയെ അപമാനിക്കുന്നവരെ ശിക്ഷിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്നും ഇന്ദ്രേഷ് പറഞ്ഞു.