ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ജയം കഠിനമെന്നു ബിജെപി തിരിച്ചറിഞ്ഞു: കാനം

കൊല്ലം∙ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ ഇടപെടുന്നുവെന്ന് ബിജെപി മുറവിളി കൂട്ടുന്നതു തിരഞ്ഞെടുപ്പ് കഠിനമാണെന്ന് അനുഭവപ്പെട്ടതുകൊണ്ടാണെന്നു  സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനം ഉറപ്പിക്കാന്‍ കഠിനാധ്വാനം  നടത്തുകയാണ് അവരിപ്പോള്‍. ‘ഈസി വാക്കോവര്‍’ പ്രതീക്ഷിച്ച ബിജെപിക്ക് കാര്യങ്ങള്‍ കുഴയുന്നുവെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. 

സിപിഐ ദക്ഷിണമേഖലാ നേതൃതല സമ്മേളനത്തില്‍ ദേശീയ-സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കാനം. ബിജെപിയെ എതിര്‍ക്കാന്‍ ആരുമില്ലെന്ന അവസ്ഥയ്ക്ക് മാറ്റം വന്നു. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങളും ബിജെപി-ആര്‍എസ്എസ് വര്‍ഗീയ നടപടികളുമാണ് ഇത്രവേഗം അവര്‍ ജനങ്ങളുടെ ശത്രുവാകാന്‍ കാരണം.

വിശാലമായ ജനകീയ ഐക്യം വേണമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ മാര്‍ച്ചില്‍ പ്രമേയം പാസാക്കിയത് ഈ സാഹചര്യം മുന്നില്‍കണ്ടുകൊണ്ടാണ്. ജനകീയസമരങ്ങളെ ഛിന്നഭിന്നമാക്കാന്‍ ജാതിയും മതവും ഉപയോഗിക്കുന്ന ആര്‍എസ്എസിനും മറ്റ് വര്‍ഗീയശക്തികള്‍ക്കുമെതിരെ  ബദല്‍ വളത്തിക്കൊണ്ടുവരണം. മതനിരപേക്ഷത സംരക്ഷിക്കാന്‍ വലിയ പരിശ്രമമാണ് വേണ്ടത്. അതിന്റെ മുന്‍പന്തിയില്‍ പാര്‍ട്ടി ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറഞ്ഞിട്ടുണ്ട്.