വിവാദ അഭിമുഖം: രാഹുലിനെതിരായ നോട്ടിസ് തിര. കമ്മിഷൻ പിൻവലിച്ചു

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ ഗുജറാത്തി ടിവിക്ക് അഭിമുഖം നൽകിയതിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ച കാരണംകാണിക്കൽ നോട്ടിസ് തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് ഒരു ദിവസം നിൽക്കെയാണ് അഭിമുഖം ചാനൽ പ്രക്ഷേപണം ചെയ്തത്. ഇതു ചട്ടലംഘനമാണെന്നു കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ പരിശോധിക്കാനായി ഒരു കമ്മിറ്റിയെ നിയമിക്കാനും കമ്മിഷൻ തീരുമാനിച്ചു.

ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ വളരെയധികം വർധിച്ചതിനാൽ നിലവിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിനു ചില പോരായ്മകളുണ്ട്. നിലവിലെ വെല്ലുവിളികളെ നേരിടാൻ തക്ക മാറ്റങ്ങൾ ചട്ടങ്ങളിൽ കൊണ്ടുവരേണ്ടതുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനായി രാഷ്ട്രീയപാർട്ടികൾ, മാധ്യമങ്ങൾ, നാഷനൽ ബ്രോഡ്‌കാസ്റ്റേഴ്സ് അസോസിയേഷൻ (എൻബിഎ) തുടങ്ങിയവരിൽനിന്നു നിർദേശങ്ങൾ ആരായും.

അതേസമയം, ഇനിമുതൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് 48 മണിക്കൂർ മുൻപുതൊട്ട് അതുമായി ബന്ധപ്പെടുന്ന ഒരു വിഷയവും പറയരുതെന്നു കോൺഗ്രസിന് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.