ജയലളിതയുടെ നിർദേശ പ്രകാരം ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശശികല: കൃഷ്ണപ്രിയ

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പകർത്തിയത് ശശികലയെന്ന് കൃഷ്ണപ്രിയ. ദൃശ്യങ്ങള്‍ പകര്‍ത്തിയത് ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ്. ഇവ ദിനകരന് കൈമാറിയത് അന്വേഷണ കമ്മിഷനു സമര്‍പ്പിക്കാനെന്നും വെട്രിവേല്‍ ഇവ പുറത്തുവിട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ശശികലയുടെ സഹോദര പുത്രിയായ കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.

ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പു നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവന്നത്. ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ പൂർണ ബോധവതിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ദിനകരപക്ഷത്തെ എംഎല്‍എ പി. വെട്രിവേൽ പുറത്തുവിട്ടത്.

അപ്പോളോ ആശുപത്രിയിൽ കിടക്കുമ്പോൾ പരസഹായമില്ലാതെ ജ്യൂസ് കുടിച്ച് ജയലളിത ടിവി കാണുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വോട്ടെടുപ്പ് ലക്ഷ്യംവച്ചാണ് ദിനകരന്‍ വിഭാഗം ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന ആരോപണവുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടു. നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയ കമ്മിഷന്‍ പി. വെട്രിവേല്‍ എംഎല്‍എക്കെതിരെ കേസെടുത്തു. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.