Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡനം, മയക്കുമരുന്ന് പ്രയോഗം; ഡൽഹിയിലെ ആശ്രമത്തിൽ നടക്കുന്നത് ക്രൂരത

delhi-high-court

ന്യൂഡൽഹി∙ ആധ്യാത്മികതയുടെ മറവിൽ ഡൽഹി രോഹിണി നഗറിലെ ആശ്രമത്തിൽ പീഡനവും മയക്കുമരുന്ന് ഉപയോഗവും നടക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നൂറിലധികം വരുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ഇരുമ്പുവാതിലുകളാൽ അടച്ച മുറിയിൽ താമസിപ്പിച്ചിരിക്കുകയാണെന്നും മൃഗതുല്യമാണ് അവരുടെ സ്ഥിതിയെന്നും കണ്ടെത്തി.

വീരേന്ദ്രകുമാർ ദേവ് ദിക്ഷിതിന്റെ അദ്ധ്യാത്മിക വിശ്വവിദ്യാലയത്തിൽ പെൺകുട്ടികളെ 14 വർഷമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഒരു എൻജിഒ കണ്ടെത്തിയിരുന്നു. ആശ്രമത്തിൽ കഴിയുന്ന പെൺകുട്ടികളെ മാനഭംഗപ്പെടുത്താറുണ്ടായിരുന്നുവെന്നും പലരും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും എൻജിഒ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സിബിഐയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കാണാതായ പെൺകുട്ടികൾ, മാനഭംഗം, ആത്മഹത്യ എന്നിവയെല്ലാം കണക്കാക്കി അന്വേഷണം നടത്തണമെന്നായിരുന്നു നിർദേശം.

ആധ്യാത്മികതയുടെ മറവിൽ അതിക്രൂരമായ ലൈംഗിക അടിമത്വവും മനുഷ്യധ്വംസനവുമാണ് നടക്കുന്നതെന്നും നൂറുകണക്കിനു സ്ത്രീകളും കുട്ടികളുമാണ് ആശ്രമത്തിലെ ക്രൂരതയുടെ ഇരകളായിട്ടുള്ളതെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. എളുപ്പം രക്ഷപെടാൻ കഴിയാത്ത തരത്തിലുള്ള ഇരുമ്പുവാതിലുകൾ ഉപയോഗിച്ചാണ് ഓരോ മുറിയും വേർതിരിച്ചിട്ടുള്ളത്. അന്തേവാസികൾക്കു നേരെ മയക്കുമരുന്ന പ്രയോഗം നടന്നതായി സംശയിക്കണം. ആശ്രമത്തിനു ചുറ്റും മതിലും മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്. ആരും രക്ഷപെട്ടു പോകാതിരിക്കാൻ ആയിരിക്കണമിത്. ആൺകുട്ടികൾ ഇവിടെ പീഡനത്തിനിരയായതായും സംശയിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഇതേത്തുടർന്ന് കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബുധനാഴ്ച അർധരാത്രി ആശ്രമത്തിൽ റെയ്ഡു നടത്തി. റോഹിണി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രജനീഷ് ഗുപ്ത, ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവൽ, അഭിഭാഷകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആശ്രമത്തിലെത്തിയ തങ്ങളെ അന്തേവാസികൾ ഒരു മണിക്കൂറോളം തടഞ്ഞുവച്ചതായി മാലിവൽ പറഞ്ഞു. രണ്ടു മണിക്കൂറിനുശേഷമാണ് ഇവിടെ തടവിൽ പാർപ്പിച്ചിരിക്കുന്നവരെ കാണാൻ സാധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായിരുന്നു ഇവരിലധികവും. ആശ്രമത്തിൽനിന്ന് സഹവാസികളാൽ പീഡിപ്പിക്കപ്പെട്ടുവെന്നു കാട്ടി നൽകിയ പരാതികൾ വച്ച പെട്ടി കണ്ടെത്തിയിരുന്നു. ചില ഇഞ്ചക്ഷനുകൾ, മരുന്നുകൾ തുടങ്ങിയവയുടെ വലിയ ശേഖരം ഇവിടെനിന്നു കണ്ടെത്തിയെന്നും മാലിവൽ പറഞ്ഞു.

related stories