കുൽഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാൻ ഭയപ്പെടുത്തി: മന്ത്രി സുഷമ സ്വരാജ്

ന്യൂഡൽഹി∙ പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന കുൽഭൂഷൻ യാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനിലെത്തിയ കുടുംബത്തെ അവർ ഭയപ്പെടുത്തി. കുൽ‌ഭൂഷൻ യാദവിന്റെ ഭാര്യ ചേതൻകുലിന്റെ ചെരുപ്പിൽ ക്യാമറയോ ചിപ്പോ ഉണ്ടായിരുന്നുവെന്നു പാക്കിസ്ഥാൻ പറയുന്നതു പച്ചക്കള്ളമാണ്. ജയിലിൽ കഴിയുന്ന കുൽഭൂഷന്റെ നില മോശമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനു പാക്കിസ്ഥാനിൽവച്ച് ഏൽക്കേണ്ടിവന്ന അപമാനത്തിൽ രാജ്യവും പാർലമെന്റും ഒരേ സ്വരത്തിൽ പ്രതിഷേധിക്കുന്നുവെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

കുൽഭൂഷൺ ജാദവിനെ സന്ദർശിച്ച ഭാര്യ ചേതൻകുലിന്റെ ഷൂസിൽ ‘ലോഹ വസ്തു’വിന്റെ സാന്നിധ്യമുണ്ടെന്നാണു പാക്കിസ്ഥാന്റെ വാദം. ഷൂസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും പാക്ക് അധികൃതർ അറിയിച്ചു. റെക്കോർഡിങ് ചിപ്, ക്യാമറ ഇവയിലേതെങ്കിലുമാവാം ഷൂസിലെന്നു സംശയിക്കുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. ഷൂസിൽ ‘അധിക വസ്തു’ കണ്ടെത്തിയതായി പാക്ക് ദിനപത്രം ഡോണും റിപ്പോർട്ട് ചെയ്തു. ഷൂസ് മടക്കി നൽകാത്തത് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണെന്നു കഴിഞ്ഞ ദിവസം ഇന്ത്യൻ അധികൃതർ പ്രതികരിച്ചിരുന്നു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ 25ന് ആണ് അമ്മ അവന്തിയെയും ഭാര്യ ചേതൻകുലിനെയും അനുവദിച്ചത്. ഇന്റർകോം ഫോണിലൂടെയായിരുന്നു സംഭാഷണം. മാതൃഭാഷയായ മറാത്തിയിൽ സംസാരിക്കാൻ അനുവദിച്ചില്ല. ജാദവിനെ കാണും മുൻപ് ഇരുവരുടെയും പാദരക്ഷകൾ, താലിമാല, പൊട്ട് മുതലായവ പാക്ക് അധികൃതർ നീക്കം ചെയ്യിച്ചിരുന്നു. സുരക്ഷയുടെ പേരുപറഞ്ഞായിരുന്നു നിയന്ത്രണങ്ങൾ.

കഴിഞ്ഞ മാർച്ചിലാണു കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ചാരക്കുറ്റം ചുമത്തി ഏപ്രിൽ പത്തിനാണു പട്ടാളക്കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ ഇടപെടലിനെത്തുടർന്ന് ഹേഗിലെ രാജ്യാന്തര കോടതി (ഐസിജെ) വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്.