ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ മരണകാരണം ക്രൂരമായ ലോക്കപ്പ് മര്‍ദനമെന്ന് മൊഴി

Representational Image

തിരുവനന്തപുരം∙ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ലോക്കപ്പ് മര്‍ദനം സ്ഥിരീകരിച്ച് മുന്‍ ഫൊറന്‍സിക് ഡയറക്ടറുടെ മൊഴി. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമര്‍ദനമാണെന്ന് ഡോക്ടര്‍ ശ്രീകുമാരി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. മര്‍ദിക്കാൻ ഉപയോഗിച്ച ജിഐ പൈപ്പ് മറ്റൊരു സാക്ഷിയും തിരിച്ചറിഞ്ഞു.

ഉദയകുമാര്‍ കേസിലെ നിര്‍ണായക മൊഴിയാണ് മുന്‍ ഫോറന്‍സിക് ഡയറക്ടറിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഉദയകുമാറിന്റെ ദേഹത്ത് മാരകമായി മര്‍ദനമേറ്റ പാടുണ്ടായിരുന്നതായി പറഞ്ഞ ശ്രീകുമാരി, മര്‍ദിക്കാനുപയോഗിച്ച ജിഐ പൈപ്പ് തിരിച്ചറിഞ്ഞു. 2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയില്‍ യുവാവിനെ മൃഗീയമായി ഉരുട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തി. സംഭവം പുറത്തറിഞ്ഞതോടെ പൊലീസിന്റെ കൊടുംക്രൂരത വലിയ തോതിൽ ചർച്ചയായി.

അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് വ്യാപക ആരോപണമുയര്‍ന്നു. 2007ല്‍ തിരുവനന്തപുരം അതിവേഗ കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും മുഖ്യസാക്ഷി സുരേഷ്കുമാര്‍ നാടകീയമായി കൂറുമാറി. വിചാരണ അട്ടിമറിക്കപ്പെട്ടു. സാക്ഷികളായ ഭൂരിഭാഗം പൊലീസുകാരും കൂറുമാറി. ഇതോടെ ഉദയകുമാറിന്‍റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അനുകൂല ഉത്തരവ് നേടി.

സിബിഐ അന്വേഷണത്തില്‍ കൊലപാതകത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും വെവ്വേറെ കുറ്റപത്രങ്ങളാണ് തയാറാക്കിയത്. എന്നാല്‍, രണ്ടു കുറ്റപത്രങ്ങളും ഒന്നിച്ചാക്കി വിചാരണ നടത്താനാണ് സിബിഐ കോടതി തീരുമാനം. പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ നിര്‍മിച്ചതിനുമാണ് കേസ്.

ഉദയകുമാർ കൊല്ലപ്പെട്ടതിനു ശേഷമാണു ഫോർട്ട് സ്റ്റേഷനിൽ പ്രഥമവിവര റിപ്പോർട്ട് തയാറാക്കി കേസ് എടുത്തതെന്നു ഉരുട്ടിക്കെ‌ാല കേസിലെ സാക്ഷികളായ രണ്ടു വനിതാ കോൺസ്റ്റബിൾമാർ അടക്കം മൂന്നു പൊലീസുകാർ സിബിഐ കോടതിയിൽ മൊഴി നൽകിയിരുന്നു. മേലുദ്യോഗസ്ഥരുടെ സമ്മർദം മൂലമാണ് എഫ്ഐആറിൽ ഒപ്പിട്ടത് എന്നായിരുന്നു അന്നത്തെ ക്രൈം എസ്ഐയുടെ മൊഴി.

ഉദയകുമാറിനെയും കൂട്ടാളി സുരേഷിനെയും സംഭവ ദിവസം രണ്ടേകാലോടെയാണു ശ്രീകണ്ഠേശ്വരം പാർക്കിനു സമീപത്തുനിന്നു ഫോർട്ട് പൊലീസ് പിടികൂടിയത്. എന്നാൽ നാലരയോടെ പിടിച്ചു എന്നാണു പൊലീസ് അന്നു പറഞ്ഞത്. രാത്രി പത്തരയോടെ ഉദയകുമാറിനെ അവശനിലയിൽ ജനറൽ ആശുപത്രിയിൽ പൊലീസ് കൊണ്ടുപോയി. അവിടത്തെ ഡോക്ടറുടെ നിർദേശ പ്രകാരം ഉടൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. എന്നാൽ അവിടെ എത്തുംമുൻപേ ഉദയകുമാർ മരിച്ചതായാണു സിബിഐ കണ്ടെത്തിയത്.