Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി എത്തിയില്ല; കൗമാരപൂരത്തിന് തിരിതെളിച്ച് സ്പീക്കർ

State School Youth Fest കലോൽസവത്തിന്റെ ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷണൻ നിർവഹിക്കുന്നു. ചിത്രം: വിബി ജോബ്

തൃശൂർ∙ അൻപത്തിയെട്ടാമത് സ്കൂൾ കലോൽസവത്തിനു തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോൽസവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സിപിഎം കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ എത്തിയില്ല. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, ചലച്ചിത്രമേഖലയിലെ പ്രമുഖർ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, വിവിധ വേദികളിൽ മൽസരങ്ങൾ അനിശ്ചിതമായി വൈകുകയാണ്. ഒരു മണിക്കൂറിലധികം വൈകിയാണ് ചിത്രരചന, നാടൻ പാട്ട്, കഥകളി സംഗീതം തുടങ്ങിയ ഇനങ്ങൾ ആരംഭിച്ചത്. പ്രധാന വേദിയിൽ കാണികൾ ഉണ്ടെങ്കിലും പല വേദികളിലും ആളെത്തിയിട്ടില്ല.

State School youth Fest കലോൽസവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്. ചിത്രം: വിബി ജോബ്

ഇന്നു മുതൽ പത്തു വരെ അഞ്ചു ദിവസമാണ് കലോൽസവം. 2008 നു ശേഷം ആദ്യമായി പരിഷ്കരിച്ച മാന്വൽ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്. 24 വേദികളിലായി 234 ഇനങ്ങളിൽ 8954 മത്സരാർഥികൾ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ മത്സരാർഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന. 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളിൽ 14 കലാരൂപങ്ങൾ അരങ്ങേറും. പ്രധാന വേദിക്കു മുൻപിൽ 1000 കുട്ടികളുടെ മെഗാ തിരുവാതിര നടക്കും.

State School youth Fest കലോൽസവത്തിനെത്തിയ കാണികൾ. ചിത്രം: രാഹുൽ ആർ. പട്ടം

ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിര‌ിക്കും കലോത്സവ നടത്തിപ്പ്. വെള്ളപ്പാത്രം, സഞ്ചികൾ, ബാ‍ഡ്ജുകൾ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാർഥികൾക്കു താമസം ഒരുക്കിയിട്ടുള്ളത്.

ഭക്ഷണം നൽകാൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ചെലവ് ഇത്തവണ ഒന്നരക്കോടി രൂപ കടക്കുമെന്നാണു സൂചന.