കാബൂളിലെ ഇന്ത്യൻ എംബസി പരിസരത്ത് റോക്കറ്റ് പതിച്ചു; ആർക്കും പരുക്കില്ല

കാബൂൾ ∙ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ എംബസിക്കു സമീപം റോക്കറ്റ് പതിച്ചു. എംബസി സമുച്ചയത്തിലെ കെട്ടിടങ്ങളിലൊന്നിന് ചെറിയ കേടുപാടുകൾ സംഭവിച്ചതല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംബസി ഉദ്യോഗസ്ഥരും സുരക്ഷിതരാണ്.

എംബസി പരിസരത്ത് സ്ഥിതി ചെയ്യുന്ന ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസിന്റെ ബാരക്കിലാണ് റോക്കറ്റ് പതിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. എംബസി ഉദ്യോഗസ്ഥര്‍ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും അവർ വ്യക്തമാക്കി. റോക്കറ്റ് പതിച്ച് തീപിടുത്തമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും ട്വീറ്റ് ചെയ്തു.

അതേസമയം, കാബൂളിലെ അതീവസുരക്ഷാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസി ലക്ഷ്യമിട്ടാണോ റോക്കറ്റ് ആക്രമണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.