Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാബൂളിൽ ചാവേർ സ്ഫോടന പരമ്പര; രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു

Afghanistan bomb blast ഷറെനോവിലെ പൊലീസ് സ്റ്റേഷനു സമീപം പുകയുയരുന്നു.

കാബൂൾ ∙ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പൊലീസ് സ്റ്റേഷനുകൾക്കു നേരെ ചാവേർ സ്ഫോടന പരമ്പര. സ്ഫോടനങ്ങളുടെ തുടർച്ചയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയുധധാരികളായ അക്രമികളും സുരക്ഷാസേനയുമായി രൂക്ഷമായ വെടിവയ്പ് നടന്നു. അക്രമ സംഭവങ്ങളിൽ രണ്ടു പൊലീസുകാർ മരിച്ചു. 16 പേർക്കു പരുക്കേറ്റു. കൂടുതൽ പേർ‌ കൊല്ലപ്പെട്ടതായി സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പടിഞ്ഞാറൻ കാബൂളിലെ ദഷ്തെ ബർച്ചിയിലെ പൊലീസ് സ്റ്റേഷനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. മിനിറ്റുകൾക്കകം മധ്യകാബൂളിൽ തിരക്കേറിയ വ്യാപാരമേഖലയായ ഷറെ നോവിലെ പൊലീസ് സ്റ്റേഷനു മുന്നിലും രണ്ടു സ്ഫോടനങ്ങളുണ്ടായി.

ഇന്ത്യയിലേക്കുള്ള വീസ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ട്രാവൽ ഏജൻസിയും ഇതിനടുത്തു പ്രവർത്തിക്കുന്നുണ്ട്. മണിക്കൂറുകൾക്കു ശേഷം നഗരത്തിൽ മറ്റൊരു സ്ഫോടനമുണ്ടായി. ആദ്യ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിട്ടുണ്ടെങ്കിലും താലിബാന്റെ പങ്കും അധികൃതർ പരിശോധിക്കുന്നു. ഒക്ടോബർ 20ന് പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് ഭീകരാക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. ഏപ്രിൽ 30ന് കാബൂളിൽ ഇരട്ട ചാവേർ സ്ഫോടനത്തിൽ ഒൻപതു മാധ്യമപ്രവർത്തകർ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു.