ഹജ് സബ്സിഡി നിർത്തുന്നതിനെ എതിർത്ത് ലീഗ്; കോൺഗ്രസിൽ ആശയക്കുഴപ്പം

തിരുവനന്തപുരം ∙ ഹജ് സബ്സിഡി നിര്‍ത്തലാക്കിയതിനെച്ചൊല്ലി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവും സംസ്താന നേതൃത്വവും രണ്ടുതട്ടില്‍. തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസിയും ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് പുറത്തുവന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി. തീര്‍ഥാടകരുടെ ആശങ്കയും സുപ്രീംകോടതി നിര്‍ദേശങ്ങളും പരിഗണിക്കണം. സബ്സിഡിയുടെ ഗുണം വിമാനക്കമ്പനികള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കുമാണ് ലഭിക്കുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം, ഹജ് സബ്സിഡി നിര്‍ത്താനുള്ള തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാ മനോഭാവമാണിതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യകരമായ തീരുമാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

ഹജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുസ്‍ലിം ലീഗും രംഗത്തെത്തി. തീരുമാനം പിൻവലിക്കണമെന്ന് മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പാർലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

ഹജ് സബ്സിഡി നിര്‍ത്തലാക്കിയത് തീര്‍ഥാടകരെ ബാധിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നീക്കം നടത്തി നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധമുയര്‍ത്തും‌ം. സബ്സിഡിക്കുള്ള തുക മുസ്‍ലിം വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന വാഗ്ദാനം കണ്ണില്‍പ്പൊടിയിടാനാണെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ എംപി പറഞ്ഞു.

അതേസമയം, ഹജ് സബ്സിഡി നിര്‍ത്താനുള്ള തീരുമാനത്തോട് എതിര്‍പ്പില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി പ്രതികരിച്ചു. സബ്സിഡി വേണമെന്ന് നിര്‍ബന്ധമില്ലെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. കഴിവുള്ളവര്‍ ഹജ് ചെയ്താല്‍ മതിയെന്നും വിമാനക്കമ്പനികളുടെ കൊള്ള ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹജ് സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനും അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തിനു സർക്കാർ സബ്സിഡി നൽകുന്നത് മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ തീരുമാനം മത-രാഷ്ട്രീയ ഭേദമെന്യേ മുഴുവൻ ജനതയും അംഗീകരിക്കും. മുസ്‍‌ലിം മതവിഭാഗങ്ങളിൽപ്പെടുന്ന വലിയൊരു വിഭാഗത്തിന് ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഇവരുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് ഈ പണം ചെലവഴിക്കാനുള്ള സർക്കാർ തീരുമാനം ശ്ലാഘനീയമാണ് . അതേസമയം, വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി ഇതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള കോൺഗ്രസ് നടപടിയെ മുസ്‌ലിം സമുദായത്തിലെ പുരോഗമനവാദികൾ തള്ളിക്കളയുമെന്നും വി.മുരളീധരൻ പറഞ്ഞു.