സ്പോർട്സ് ലോട്ടറി: ടി.പി.ദാസനെതിരായ അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം∙ സ്പോർട്സ് ലോട്ടറി അഴിമതിക്കേസിലെ അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു. കേസില്‍ ഒന്നാം പ്രതിയായ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി.ദാസനെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന വിജിലൻസിന്റെ കണ്ടെത്തൽ ശരിവച്ച് നിയമോപദേശം ലഭിച്ചു. ഈ പശ്ചാത്തലില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലന്‍സ് തീരുമാനം.

കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ സ്പോർട്സ് ലോട്ടറിയുടെ വിൽപ്പനയിൽ 28.10 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പാണ്. ടി.പി ദാസന്‍ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. പിന്നീട് കൗണ്‍സില്‍ പ്രസിഡന്റായ അഞ്ജുബോബി ജോര്‍ജ് സ്പോർട്സ് ലോട്ടറി അഴിമതിയെക്കുറിച്ച് തുറന്നടിച്ചിരുന്നു. കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം അഞ്ജുവും വിജിലൻസിൽ പരാതി നൽകി.

എത്ര ലോട്ടറി വിറ്റെന്നോ വരുമാനം എത്രയെന്നോ വ്യക്തതയില്ലെന്ന് എജിയും കണ്ടെത്തിയിരുന്നു. വിജിലന്‍സിന്റെ ത്വരിത പരിശോധനയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് എടുത്തത്. ഇതാണ് തെളിവില്ലെന്നു പറഞ്ഞ് വിജിലന്‍സ് അവസാനിപ്പിക്കുന്നത്.