Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലനമറ്റ് വിജിലൻസ്; പരാതികളിൽ കേസെടുക്കാതെ യൂണിറ്റുകൾ

investigation

കൊല്ലം ∙ അഴിമതി തടയാൻ നിയോഗിക്കപ്പെട്ട സംസ്ഥാനത്തെ വിജിലൻസ് ഓഫിസുകൾ ‘ഏതാണ്ടു പൂട്ടിയ’ മട്ട്. ലഭിക്കുന്ന പരാതികൾ വിജിലൻസ് ഡയറക്ടറുടെ ഓഫിസിലേക്ക് അയച്ചു കൊടുക്കുന്ന ഏജൻസികൾ മാത്രമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ യൂണിറ്റുകൾ.  

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നതു ഞെട്ടിക്കുന്ന കണക്കുകളാണ്. 2017 ജനുവരി മുതൽ 2018 ജൂൺ വരെ സംസ്ഥാനത്തെ വിജിലൻസ് യൂണിറ്റുകളിൽ ലഭിച്ച പരാതികൾ 11000 ലേറെ. ഇതിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതു 60 ലേറെ പരാതികളിൽ മാത്രം! 2017 ഒക്ടോബർ മുതൽ 2018 ജൂൺ വരെ സംസ്ഥാനത്തെ വിജിലൻസ് യൂണിറ്റുകളിൽ ലഭിച്ച പരാതികൾ 2678. കോഴിക്കോട്, എറണാകുളം വിജിലൻസ് യൂണിറ്റുകൾ ഈ കാലയളവിലെ വിവരങ്ങൾ നൽകിയിട്ടില്ല. ഇതിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതാകട്ടെ എട്ടെണ്ണത്തിൽ മാത്രം. 

ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്താതെ അവ അതേപടി വിജിലൻസ് ഡയറക്ടറുടെ ഓഫിസിലേക്കു അയയ്ക്കുന്നതിനാൽ പരാതിയുമായി ജനങ്ങൾ വിജിലൻസിനെ സമീപിക്കുന്നതും ഗണ്യമായി കുറഞ്ഞുവെന്നാണ് നിഗമനം.

2017 ജനുവരി മുതൽ സെപ്റ്റംബർ വരെ വിജിലൻസ് യൂണിറ്റുകളിൽ 8325 പരാതികൾ ലഭിച്ചു. ഇതിൽ 53 എണ്ണത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തുവെങ്കിലും തുടർന്നുള്ള കാലയളവിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതു തീരെ കുറഞ്ഞുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 8325 പരാതികളിൽ 2197 എണ്ണം വകുപ്പുതല നടപടിക്ക് അയച്ചുകൊടുക്കുകയായിരുന്നു. 

സുപ്രീംകോടതി വിധി അട്ടിമറിച്ച് വിജിലൻസ്

പരാതികളിൽ നേരിട്ടു കേസെടുക്കാവുന്നവയാണെങ്കിൽ ഉടൻ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന ക്രിമിനൽ നടപടിചട്ടത്തിലെ വ്യവസ്ഥയും ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയും അട്ടിമറിച്ചാണ് വിജിലൻസിന്റെ നടപടികൾ. പ്രാഥമികാന്വേഷണം വേണമെങ്കിൽ പരമാവധി ആറ് ആഴ്ചയ്ക്കകം പൂർത്തിയാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നാണു ലളിതകുമാരി കേസിൽ സുപ്രീം കോടതി നിർദേശിച്ചത്. 

കേസെടുക്കണമെങ്കിൽ  ഡയറക്ടർ പറയണം

ലളിതകുമാരി കേസിന്റെ പശ്ചാത്തലത്തിൽ, വിജിലൻസ് യൂണിറ്റുകളിൽ ലഭിക്കുന്ന പരാതികളിന്മേൽ നേരത്തെ അതതു യൂണിറ്റുകൾക്കു നടപടിയെടുക്കാമായിരുന്നു. ലഭിക്കുന്ന പരാതികളെല്ലാം വിജിലൻസ് ഡയറക്ടറുടെ ഓഫിസിലേക്കു അയയ്ക്കണമെന്നും ഡയറക്ടറുടെ അനുമതിയോടെ മാത്രം എഫ്ഐആർ റജിസ്റ്റർ ചെയ്താൽ മതിയെന്നും പിന്നീട് നിർദേശം വന്നതോടെ, വിജിലൻസ് യൂണിറ്റുകൾ കാര്യമായ പണിയില്ലാതായി. മിന്നൽ പരിശോധനകളും അഴിമതിക്കാരെ കുടുക്കാനുള്ള കെണികളും ഏതാണ്ടില്ലാതായി. 

related stories