Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിയാന്‍–ഇന്ത്യ ഉച്ചകോടിക്കു തുടക്കം; മോദിയുടെ ലക്ഷ്യം ചൈനയെ തടുക്കൽ

Narendra Modi Asean ആസിയാൻ–ഇന്ത്യ ഉച്ചകോടിക്കെത്തിയ ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൽകിയ മുയ്സുദിനെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി∙ ഡൽഹിയിൽ ഇന്ത്യ–ആസിയാൻ ദ്വിദിന ഉച്ചകോടിക്കു തുടക്കം. ഇന്ത്യയും ദക്ഷിണ–പൂർവേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്, ‘പങ്കിടുന്ന മൂല്യങ്ങൾ, പൊതു ഭാഗധേയം’ എന്ന വിഷയത്തിലാണ് ഉച്ചകോടി. 

പത്തു ആസിയാന്‍ രാജ്യത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ഏഷ്യാ പസഫിക് മേഖലയിലെ ചൈനീസ് ഭീഷണിയും ഭീകരവാദവുമാണു മുഖ്യവിഷയമാകുക. അതിര്‍ത്തിയില്‍ അനധികൃതമായി ചൈന നടത്തുന്ന റോഡുനിര്‍മാണം ഇന്ത്യ ഉന്നയിക്കും. മേഖലയിലെ വ്യാപാരബന്ധം ശക്തമാക്കാനുള്ള നടപടികളും ചര്‍ച്ചയാകും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ അതിഥികളായി ആസിയാന്‍ രാജ്യത്തലവന്മാരെ മോദി നേരിട്ടു ക്ഷണിക്കും. റിപ്പബ്ലിക് ദിനത്തിന്റെയും ആസിയാൻ ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനം കനത്ത സുരക്ഷയിലാണ്.

കിഴക്കോട്ടു നോക്കുക (ലുക് ഈസ്റ്റ്) എന്ന ഇന്ത്യന്‍ നയം, കിഴക്കുമായി പ്രവർത്തിക്കുക (ആക്റ്റ് ഈസ്റ്റ്) എന്നാക്കി മോദി സർക്കാർ പുതുക്കിയതിന്റെ കൂടി പ്രതിഫലനമാകും ഉച്ചകോടി. വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയൻ യുവാൻ ഫൂക്, ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യുറ്റെർറ്റ്, മ്യാൻമർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂചി തുടങ്ങിയവരുമായി ചർച്ച പൂർത്തിയാക്കി. 

തായ്‌ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒ ചാ, സിംഗപ്പുർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്, ബ്രൂണയ് സുൽത്താൻ ഹസ്സനാൽ ബോൽകിയ മുയ്സുദിന്‍ എന്നിവരുമായി ഇന്നു ചർച്ച നടത്തും. വെള്ളിയാഴ്ച ഇന്തൊനീഷ്യ പ്രസിഡന്റ് ജോക്കോ വിദോദോ, ലാവോസ് പ്രധാനമന്ത്രി തോംഗ്ലൗന്‍ സിസൊലിത്, മലേഷ്യയുടെ പ്രധാനമന്ത്രി നജീബ് റസാഖ് എന്നിവരുമായാണു ചർച്ച. കംബോഡിയ പ്രധാനമന്ത്രി ഹുൻ സെന്നും എത്തിയിട്ടുണ്ട്. 

ഇന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രനേതാക്കൾക്ക് ഉച്ചവിരുന്നു നൽകും. ആസിയാൻ രാഷ്ട്രങ്ങളിൽ ചൈനയുടെ വർധിക്കുന്ന സ്വാധീനം ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണു 10 രാഷ്ട്രത്തലവൻമാരെ ഇന്ത്യ ഒരുമിച്ചു ക്ഷണിച്ചത്. പ്രതിരോധം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം, ഭീകരവാദത്തിനെതിരായ നിലപാട്, സമുദ്രസുരക്ഷ, യാത്രാസൗകര്യം മെച്ചപ്പെടുത്തൽ എന്നീ മേഖലകളിലും സഹകരണം ലക്ഷ്യമിടുന്നു.

related stories