Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്ത സ്റ്റിക്കറിൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി; പതിക്കുന്നത് മോഷ്ടാക്കളല്ല

Black Sticker, Pinarayi Vijayan കോട്ടയത്തെ ഒരു വീടിന്റെ ജനലയിൽ കണ്ട കറുത്ത സ്റ്റിക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ

തിരുവനന്തപുരം∙ വീടുകളിൽ കവർച്ചക്കാർ കറുത്ത സ്റ്റിക്കർ പതിപ്പിക്കുന്നെന്ന പ്രചാരണങ്ങളിൽ ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനലുകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കർ പതിക്കുന്നതിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഇത്തരത്തിൽ സന്ദേശം പ്രചരിക്കുന്നതു റേഞ്ച് ഐജിമാർ അന്വേഷിക്കും. പൊലീസിനു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഭീതിയുളവാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു നിയമസഭയിൽ വിഷയം ഉന്നയിച്ചത്.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി:

പ്രത്യേക തരത്തിലുള്ള ചില സ്റ്റിക്കറുകള്‍ അജ്ഞാത വ്യക്തികള്‍ വീടുകളില്‍ പതിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിനുപിന്നിലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യം കഴിഞ്ഞവര്‍ഷം വടക്കന്‍ കേരളത്തില്‍, വിശേഷിച്ചും മലപ്പുറത്ത് ഒരു വര്‍ഷം മുൻപ് ഉണ്ടായിരുന്നു. അതേത്തുടര്‍ന്നു ജില്ലകളിലെ എല്ലാ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. പ്രാഥമികാന്വേഷണത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലായെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമായിരുന്നതാണ്.

സമീപ ദിവസങ്ങളിലായി ചില വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ ഏതെങ്കിലും വ്യക്തികള്‍ അറിയിച്ചാല്‍ എത്രയുംവേഗം അതുസംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രധാനമായും തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ അതത് റേഞ്ച് ഐജിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്റ്റിക്കറുകൾ പതിക്കുന്നതു മോഷ്ടാക്കളല്ല

കറുത്ത സ്റ്റിക്കര്‍ മോഷ്ടാക്കളാണു പതിപ്പിക്കുന്നതെന്ന പ്രചാരണം വ്യാജമാണെന്നു വാദമുണ്ട്. കവർച്ചക്കാർ കറുത്ത സ്റ്റിക്കർ ഒട്ടിച്ചു വീടുകള്‍ അടയാളപ്പെടുത്തുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഡിസംബറിൽ കോട്ടയത്താണു തുടങ്ങിയത്. ഇപ്പോൾ കേരളമാകെ വ്യാപിച്ചു. പൊലീസിന്റെ സന്ദേശം എന്ന വ്യാജേന വാട്സാപ് വഴിയാണു പ്രധാന പ്രചാരണം. വൈക്കം തലയോലപ്പറമ്പിനടുത്തു ചില വീടുകളുടെ ജനാലച്ചില്ലുകളിലാണു സ്റ്റിക്കറുകള്‍ ആദ്യം കണ്ടത്. പൊലീസില്‍ വിവരം അറിയിച്ചതോടെ കാടിളക്കിയുള്ള പരിശോധനകളായി. കവർച്ചക്കാർ വീടുകള്‍ അടയാളപ്പെടുത്തിയതാണെന്ന വ്യാഖ്യാനമുണ്ടായി.

ഇതു നിഷേധിക്കാതിരുന്ന പൊലീസ് സ്വന്തം നിഗമനങ്ങളും നിരത്തി. പക്ഷെ, ഭയപ്പെട്ടതുപോലെ അടയാളപ്പെടുത്തിയ പ്രദേശത്തൊന്നും കവർച്ചകളുണ്ടായില്ല. ഒരു മാസം പിന്നിട്ടപ്പോൾ തൃപ്പൂണിത്തുറയിലും സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടു. കുട്ടികളെ തട്ടിയെടുക്കാനാണു വീടുകള്‍ സ്റ്റിക്കറൊട്ടിച്ച് അടയാളപ്പെടുത്തുന്നതെന്നു പൊലീസിന്റേതെന്ന രൂപത്തിൽ മുന്നറിയിപ്പുകൾ പ്രചരിച്ചു.

തിരുവനന്തപുരത്തും തൊടുപുഴയിലും കണ്ണൂരിലും സ്റ്റിക്കർ ഭീതി വ്യാപിച്ചു. വാട്സാപ് സന്ദേശം വായിച്ചവർ സ്വന്തം വീടിന്റെ ജനാലകൾ പരിശോധിച്ചു കറുത്ത സ്റ്റിക്കർ കണ്ടെത്തിയതോടെ സംസ്ഥാനമാകെ ഭീതിയിലായി. ഇവ പ്രതിരോധിക്കാനോ ജനങ്ങളുടെ ആശങ്ക നീക്കാനോ പൊലീസ് കാര്യമായി ശ്രമിച്ചതുമില്ല. എന്നാൽ ‘മനോരമ ന്യൂസ്’ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതു, കവർച്ചക്കാരോ കുട്ടികളെ പിടുത്തക്കാരോ അല്ല കറുത്ത സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് എന്നാണ്.

ഗ്ലാസ് കടകളിലാണു സ്റ്റിക്കറുകൾ പതിക്കുന്നത്. ഗ്ലാസ് ഉരഞ്ഞു കേടാവാതിരിക്കാനുള്ള മുൻകരുതലിനായി ഒട്ടിക്കുന്നതാണ്. ഗ്ലാസ് വിൽക്കുമ്പോൾ സ്റ്റിക്കർ നീക്കാറില്ല. വീടുകളിൽ ജനാലയില്‍ ചില്ല് ഉറപ്പിക്കുന്ന ജോലിക്കാരും പലപ്പോഴും സ്റ്റിക്കർ നീക്കാൻ മറക്കും. ഇങ്ങനെ അവശേഷിക്കുന്ന സ്റ്റിക്കറുകളാണ് ഇപ്പോൾ ഓരോരുത്തരും തപ്പി കണ്ടുപിടിക്കുന്നതെന്നാണു കടക്കാരുടെ വാദം. ഭീതിയകറ്റാൻ കാര്യമായ പൊലീസ് അന്വേഷണം വേണമെന്നാണു ജനങ്ങളുടെ അഭിപ്രായം.