നാൽപ്പത്തിയഞ്ചു ലക്ഷം കടത്താൻ ശ്രമിച്ച ജവാൻ ചെയ്തത് രാജ്യദ്രോഹം: സിബിഐ

തിരുവനന്തപുരം∙ നാൽപ്പത്തിയഞ്ചു ലക്ഷം രൂപയുമായി ആലപ്പുഴയിൽ പിടിയിലായ മലയാളി ബിഎസ്എഫ് കമാൻഡന്റ് ചെയ്തതു രാജ്യദ്രോഹമെന്ന് സിബിഐ. പിടികൂടിയ പണം കള്ളക്കടത്തുകാർ നൽകിയ കോഴയാണെന്ന് കമാൻഡന്റ് ജിബു ടി. മാത്യു മൊഴി നൽകിയിട്ടുണ്ട്. പശ്ചിമബംഗാളില്‍നിന്ന് ഷാലിമാർ എക്സ്പ്രസിൽ ആലപ്പുഴയിൽ എത്തിയപ്പോഴാണു പത്തനംതിട്ട സ്വദേശിയായ ജിബു ടി. മാത്യു പിടിയിലായത്. ജിബുവിനെ രണ്ടാഴ്ചത്തേക്ക് കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടു.

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ബിഎസ്എഫ് കമാൻഡന്റായ ജിബു ടി. മാത്യു ഏറെക്കാലമായി സിബിഐ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിനെതിരെ വിവിധ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുമുണ്ടായിരുന്നു. ബംഗ്ലാദേശിൽ നിന്നു രാജ്യത്തേക്കെത്തുന്ന കള്ളക്കടത്തുകാർക്ക് ജിബു നിരന്തര സഹായം ചെയ്തുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ലഭിച്ച പ്രതിഫലമായിരുന്നു പിടികൂടിയ 45 ലക്ഷം രൂപ. ജിബുവിനൊപ്പം അതിർത്തിയിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും കള്ളക്കടത്തിനു സഹായം നൽകിയിരുന്നതായി സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്.

വിശദമായ ചോദ്യം ചെയ്യലിനായി രണ്ടാഴ്ചത്തേക്ക് ജിബുവിനെ സിബിഐ കസ്റ്റഡിയിൽ വാങ്ങി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാക്കിയ കോഴപ്പണം രണ്ടു ബാഗുകളാക്കിയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്. ഈ പണം കള്ളനോട്ടുകളാണോ എന്നും സിബിഐ പരിശോധിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിത്തരങ്ങള്‍ക്കിടയിലാണ് പണം സൂക്ഷിച്ചത്. ആലപ്പുഴയിൽ വെച്ച് പിടിയിലായ ജിബുവിനെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി തൊട്ടടുത്ത ഹോട്ടലില്‍ വെച്ചു തന്നെ ആദ്യം ചോദ്യംചെയ്തു. അതിനുശേഷമാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ജിബുവിന്റെ പത്തനംതിട്ട ഇലന്തൂരിലെ വീട്ടിലും സിബിഐ സംഘം പരിശോധനകള്‍ നടത്തി.