Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ‘ചെലവേറിയ കാവൽക്കാരൻ’; തട്ടിപ്പുകാർക്ക് ബിജെപി ബന്ധമെന്നും കപിൽ സിബൽ

Kapil-Sibal-Narendra-Modi കപിൽ സിബൽ, നരേന്ദ്ര മോദി. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ കോൺ‌ഗ്രസ്. ‘ലോകത്തിലെ ചെലവേറിയ കാവൽക്കാരനാണു’ മോദിയെന്നു മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചു. പൊതുധനം കൊള്ളയടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നു മോദി പറഞ്ഞതിന്റെ തൊട്ടടുത്തദിവസമാണ് കോൺഗ്രസ് ആക്രമണം ശക്തമാക്കിയത്.

‘യുപിഎ ഭരണകാലത്ത് കോൺഗ്രസ് 1.76 ലക്ഷം കോടിയുടെ (2ജി) അഴിമതി നടത്തിയെന്നു മോദിജി എല്ലാ ദിവസവും പ്രസ്താവന നടത്താറുണ്ട്. അതൊരു ഊഹക്കണക്കു മാത്രമാണ്. അഴിമതി നടന്നിട്ടില്ലെന്നു പിന്നീട് കോടതി വ്യക്തമാക്കി. അതേസമയം, വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പും (11400 കോടി) റോട്ടോമാക് ഉടമ വിക്രം കോഠാരിയുടെ ബാങ്ക് തട്ടിപ്പും (3695 കോടി) ‘യഥാർഥ’ നഷ്ടമാണ്. എന്താണ് അദ്ദേഹം (മോദി) ഇക്കാര്യങ്ങളിൽ നിശബ്ദനായിരിക്കുന്നത്?’– മുൻ കേന്ദ്രമന്ത്രി കൂടിയായ കപിൽ സിബൽ ചോദിച്ചു.

നരേന്ദ്ര മോദിക്കു വീടും വിമാനവും ലഭിച്ചു. ലോകത്തിലെ ഏറ്റവും ചെലവേറിയ കാവൽക്കാരനാണ് ഇപ്പോൾ അദ്ദേഹം. മോദിയുടെ കാവലിൽ ഇത്രയേറെ പണം രാജ്യത്തു കൊള്ളയടിക്കപ്പെടുന്നത് എങ്ങനെയെന്നു വിശദീകരിക്കണം. രാജ്യം വിട്ട പല തട്ടിപ്പുകാർക്കും ബിജെപിയുമായി ബന്ധമുണ്ടെന്നും സിബൽ ആരോപിച്ചു. പിഎൻബി തട്ടിപ്പിൽ മോദിയുടെ മൗനത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു. 

നേരത്തേ, പിഎൻബി തട്ടിപ്പു നടന്നതു യുപിഎ സർക്കാരിന്റെ കാലത്താണെന്നും കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആരോപിച്ചു. അതേസമയം, 2017 – 2018 കാലത്താണു തട്ടിപ്പു നടന്നതെന്നു സിബിഐ ചൂണ്ടിക്കാട്ടി.

related stories