മോദിയുടെ സമാധാന കരാർ തുണയാകുമോ? നാഗാലാൻഡ് വിധിയെഴുതുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി, നാഗാലാൻഡ് മുഖ്യമന്ത്രി ടി.ആർ.സെലിയാങ്.

കോഹിമ∙ കോടികള്‍ കിലുങ്ങുന്ന തിരഞ്ഞെടുപ്പാണ് നാഗാലാൻഡിലേത്; പകുതിയിലേറെ സ്ഥാനാർഥികളും കോടിപതികൾ. ഇന്നു നടക്കുന്ന നിയമസഭാ വോട്ടെടുപ്പിൽ ബിജെപി നേട്ടം കൊയ്യാൻ തയാറെടുക്കുമ്പോൾ കോൺഗ്രസിന്റെ നില പരുങ്ങലിലാണ്. മൂന്നു മുഖ്യമന്ത്രിമാരെ സംസ്ഥാനത്തിനു സമ്മാനിച്ച കോൺഗ്രസിന് 60 അംഗ നിയമസഭയിലേക്ക് ഇത്തവണ 18 പേരെ മാത്രമാണ് മൽസരിപ്പിക്കാൻ കഴിഞ്ഞത്. പണത്തിനു ഞെരുക്കമെന്നു പറഞ്ഞ് പിന്മാറിയത് അഞ്ചു സ്ഥാനാർഥികൾ. അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി.

Indepth: വടക്കുകിഴക്കൻ കാറ്റ് വീശുന്നത് എങ്ങോട്ട് ?

സമാധാനമാണു പ്രധാനം

നാഗാ സമാധാനശ്രമങ്ങളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ മുഖ്യവിഷയം. വിശാല നാഗാലാൻഡിനായി പ്രക്ഷോഭം നടത്തുന്ന തീവ്രഗ്രൂപ്പുകളുമായി സമാധാനക്കരാർ ഒപ്പിട്ടത്തിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെയും മ്യാൻമാറിലെയും ജീവിക്കുന്ന നാഗർമാരെക്കൂടി ഉൾപ്പെടുത്തി വിശാല നാഗാലാൻഡിനു വേണ്ടി കലാപങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി 2015ൽ ആണു കരാർ ഒപ്പിടുന്നത്. കരാറിനെ ചരിത്രസംഭവമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങളുടെ പെരുമഴയാണ് നൽകിയിട്ടുള്ള്. 

നാഗാ പ്രശ്നങ്ങൾ പരിഹരിച്ചിട്ടു മതി തിരഞ്ഞെടുപ്പെന്ന് ശാഠ്യം പിടിച്ചിരുന്ന നാഗാലാൻഡിലെ രാഷ്ട്രീയപാർട്ടികളെ അനുനയത്തിലൂടെയാണ് ഇത്തവണ തിരഞ്ഞെടുപ്പിലെത്തിച്ചത്. ക്രിസ്ത്യൻ ഭൂരിപക്ഷമായ നാഗാലാന്‍ഡിൽ കാര്യമായ വേരോട്ടമില്ലാതിരുന്ന ബിജെപി ശക്തമായ ക്യാംപെയിനാണ് നടത്തിയത്. സങ്കീർണമായ നാഗാ രാഷ്ട്രീയത്തിൽ ബിജെപിയും അവസരത്തിനൊത്തു വേഷം മാറിയിട്ടുണ്ട്.

കളം മാറ്റി ബിജെപി

കഴിഞ്ഞ തവണ 11 സീറ്റിൽ മൽസരിച്ച ബിജെപി ഒരു സീറ്റിലാണു ജയിച്ചത്. ജയിച്ച എല്ലാ കോൺഗ്രസ് എംഎൽഎമാരും ഭരണകക്ഷിയായ നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ടിൽ(എൻപിഎഫ്)ചേരുകയും എൻസിപിയുടെ മൂന്ന് എംഎൽഎമാർ തങ്ങളോടൊപ്പം ചേരുകയും ചെയ്തതോടെ നാാഗാലാൻഡിലെ ഏറ്റവും വലിയ രണ്ടാത്തെ പാർട്ടിയെന്ന ബഹുമതി മിന്നൽ വേഗത്തിലാണു ബിജെപിക്കു ലഭിച്ചത്. വികസനവും സുസ്ഥിര ഭരണവും തിരഞ്ഞെടുപ്പ് വിഷമായി ഉയർത്തിക്കൊണ്ടു വരാൻ ഇത്തവണ ഇവിടെ ബിജെപിക്ക് കഴിഞ്ഞിട്ടുമുണ്ട്.

സഖ്യകക്ഷിയായിരുന്ന എൻപിഎഫുമായുള്ള കൂട്ടുകെട്ട് വെട്ടി നാഗാലാൻഡിൽ നിന്നുള്ള ഏക ലോക്സഭാ എംപി നെഫ്യു റിയോയുടെ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടിയുമായിട്ടാണ്(എൻഡിപിപി) ബിജെപിയുടെ സഖ്യം. കഴിഞ്ഞ മാസമാണ് ഭരണകക്ഷിയായ എൻപിഎഫിൽ നിന്നു മാറി നെഫ്യു പുതിയ പാർട്ടിയുണ്ടാക്കുന്നത്. നെഫ്യുവിന്റെ പാർട്ടി 40 സീറ്റിൽ മൽസരിക്കുന്നുണ്ട്. ബിജെപി 20 സീറ്റിലും. എന്നാൽ ബിജെപിയുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ല എന്നാണ് എൻപിഎഫ് പറയുന്നത്. ബിജെപി ഉറ്റസൃഹൃത്താണെന്നാണു പാർട്ടിയിൽ നിന്നുള്ള മുഖ്യമന്ത്രി ടി.ആർ.സെലിയാങ്ങിന്റെ പ്രഖ്യാപനം.

കോൺഗ്രസിന് എല്ലാം ‘രഹസ്യം’

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 58 സീറ്റിൽ മൽസരിച്ച കോൺഗ്രസ് എട്ടെണ്ണത്തിൽ ജയിച്ചിരുന്നു. ഇത്തവണ 23 പേർ മല്‍സര രംഗത്തുണ്ടായിരുന്നെങ്കിലും അഞ്ചു പേർ പിന്നീടു പിന്മാറി. തിരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് എൻപിഎഫുമായി കോൺഗ്രസ് രഹസ്യചർച്ചകളും നടത്തിയിട്ടുണ്ട്. 

59 സീറ്റിലാണു നാഗാലാൻഡിൽ മൽസരം. വടക്കൻ അംഗാമി രണ്ടാം മണ്ഡലത്തിൽ നിന്നു നെഫ്യു റിയോ എതിരാളികളില്ലാതെ വിജയിച്ചിരുന്നു. നാഗാ സമാധാനവും ‘ടാക്സ്’ ഇല്ലാത്ത ജീവിതവുമാണ് നാഗാലാൻഡിലെ സാധാരണക്കാരായ ജനങ്ങളുടെ സ്വപ്നം. ടാക്സി ഡ്രൈവർ പോലും മാസം നാലായിരവും അയ്യായിരവും തീവ്രവാദ ഗ്രൂപ്പുകൾക്ക് ‘ടാക്സ്’ ആയി നൽകേണ്ട സാഹചര്യമാണ് നാഗാലാൻഡിലുള്ളത്.