ഭോപ്പാലിലെ മലയാളി ദമ്പതികളുടെ കൊലപാതകം: വീട്ടുജോലിക്കാരൻ അറസ്റ്റിൽ

കൊല്ലപ്പെട്ട ഗോപാലകൃഷ്ണൻ നായരും ഭാര്യ ഗോമതിയും.

ഭോപ്പാൽ∙ മലയാളിയായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ  സംഭവത്തിൽ മുൻ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. ഭോപ്പാൽ സ്വദേശിയായ രാജു ധാഖഡാണ് അവധ്പുരി പൊലീസിന്റെ പിടിയിലായത്. കേസന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘത്തിനു രൂപം നൽകിയിരുന്നു.

നർമദ ഗ്രീൻവാലി കോളനിയിൽ താമസിക്കുന്ന പാലക്കാട് തച്ചനാട്ടുകര അരിയൂർ നായാടിപ്പാറ മുണ്ടാരത്തു വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (ജി.കെ നായർ–74), ഭാര്യ റിട്ട. നഴ്സ് അരിയൂർ പരിയാരത്ത് ഗോമതി (63) എന്നിവരെയാണു കഴിഞ്ഞ ദിവസം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജുവിനെ അടുത്തിടെ ജോലിയിൽ നിന്നു പിരിച്ചുവ‌ിട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്താലാകാം കൊലപാതകമെന്നു കരുതുന്നു.

ആഭരണങ്ങളുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതിരുന്നതിനാലാണ് പൊലീസ് ഇത്തരത്തിൽ സംശയിച്ചത്. ഇയാൾ ഗോപാലകൃഷ്ണൻ നായരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കടവും വാങ്ങിയിരുന്നു.  

കഴുത്തിനു വെട്ടേറ്റ നിലയിൽ വീടിന്റെ മുകൾ നിലയിലെ കിടപ്പു മുറിയിലാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഏഴോടെ വീട്ടിലെത്തിയ ജോലിക്കാരി വാതിൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികളായ മലയാളി കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. വാതിൽ തുറക്കാൻ പലവട്ടം ശ്രമിച്ചു പരാജയപ്പെട്ട ഇവർ, ടെറസിലൂടെ വീടിനുള്ളിൽ കടന്നപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. ടെറസിലേക്കുള്ള വാതിൽ തുറന്ന നിലയിലായിരുന്നു. ആക്രമി തൂണിലൂടെ ടെറസിലേക്കു പിടിച്ചു കയറിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.