ഇന്ത്യയുടെ 95 % ഭൂപ്രദേശത്തും സാന്നിധ്യം; ഓൾ ഇന്ത്യ റേഡിയോ ആർഎസ്എസ്സിനു പിന്നിൽ?

നാഗ്പുർ∙ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയിൽ സാന്നിധ്യമുള്ള പ്രസ്ഥാനം തങ്ങളാണെന്ന അവകാശവാദവുമായി ആർഎസ്എസ് രംഗത്ത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂപ്രദേശത്ത് സാന്നിധ്യമുള്ള ഓൾ ഇന്ത്യ റേഡിയോയുടെ റെക്കോർഡ് തങ്ങൾ തകർത്തെന്നാണ് ആർഎസ്എസിന്റെ അവകാശവാദം. ഇന്ത്യയുടെ 95% ഭൂപ്രദേശത്തും സംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നത്. ഓൾ ഇന്ത്യ റേഡിയോയുടെ സാന്നിധ്യം 92% ഭൂവിസ്തൃതിയിൽ മാത്രമാണെന്നും ആർഎസ്എസ് പറയുന്നു.

നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തു നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഈ അവകാശവാദം ഉൾക്കൊള്ളുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്. ഇന്ത്യയിലാകെ ആർഎസ്എസ്സിന് 58,976 ശാഖകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ 95% പ്രദേശത്തും തങ്ങളുടെ സാന്നിധ്യമുണ്ടെന്നു ത്രിദിന ജനറൽ ബോഡി യോഗത്തിൽ ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ വ്യക്തമാക്കി. നാഗാലാൻഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ചില ഉൾപ്രദേശങ്ങളിലും കശ്മീർ താഴ്‌വരയിലും മാത്രമാണ് ആർഎസ്എസ്സിന്റെ സാന്നിധ്യമില്ലാത്തതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

ഓൾ ഇന്ത്യ റേഡിയോയുടെ 262 സ്റ്റേഷനുകളും ചേർന്നു ലഭ്യമാകുന്ന ഭൂവിഭാഗം 92 ശതമാനമാണെന്നിരിക്കെയാണ് 95% ഭൂപ്രദേശത്തും തങ്ങളുടെ സാന്നിധ്യമുണ്ടെന്ന ആർഎസ്എസിന്റെ അവകാശവാദം. 2004ൽ കേന്ദ്രത്തിൽ ബിജെപിക്ക് അധികാരം നഷ്ടമായശേഷം രാജ്യവ്യാപകമായി ഏതാണ്ട് 10,000 ശാഖകളുടെ കുറവു സംഭവിച്ചിരുന്നു. എന്നാൽ, 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ശാഖകളുടെ എണ്ണത്തിൽ 40,000ൽ അധികം വർധനവുണ്ടായി.